art of living – sri sri ravishangar

ന്യൂഡല്‍ഹി: ലോകസാംസ്‌ക്കാരികോത്സവം നടത്താന്‍ വൈകുന്നേരം നാലു മണിക്ക് മുമ്പായി ആര്‍ട്ട് ഓഫ് ലിവിങ് അഞ്ച് കോടി രൂപ പിഴ അടയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഇളവ്. പിഴയടയ്ക്കാന്‍ നാളെ വരെ സമയമുണ്ടെന്നും എന്നിട്ടും പിഴയടച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.

നേരത്തെ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി അഞ്ച് കോടി അടിച്ചില്ലെങ്കില്‍ പരിപാടി അനുവദിക്കില്ലെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങള്‍ തെറ്റായി ഒന്നും ചെയ്യുന്നില്ലെന്നും നയാപൈസ പിഴയടയ്ക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമുള്ള ശ്രീശ്രീ രവിശങ്കറിന്റെ പ്രതികരണത്തെത്തുടര്‍ന്നായിരുന്നു ട്രൈബ്യൂണല്‍ നിലപാട് കടുപ്പിച്ചത്.

എന്നാല്‍ പരിപാടി അഗ്‌നിശമന, പോലീസ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ പരിപാടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുതിയ ഹര്‍ജികള്‍ ട്രൈബ്യൂണല്‍ തള്ളി. ഇത്തരം അനുമതികള്‍ ഇനിയും വാങ്ങാവുന്നതേയുള്ളുവെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

പാരിസ്ഥിതികനഷ്ടപരിഹാരം എന്നനിലയ്ക്ക് അഞ്ചുകോടി രൂപ ആദ്യം പിഴയടയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിനോട് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്. ശരിക്കുള്ള പിഴത്തുക പിന്നീട് നിശ്ചയിക്കും.

നിയമപരമായ ധര്‍മം നിര്‍വഹിക്കാത്തതിന് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ഡി.ഡി.എ.) അഞ്ചുലക്ഷവും ഡല്‍ഹി മലിനീകരണനിയന്ത്രണ കമ്മിറ്റിക്ക് ഒരുലക്ഷവും പിഴ ചുമത്തിയിരുന്നു.

നദീതീരത്തിന് വലിയ പാരിസ്ഥിതികപ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനകളും പരിസ്ഥിതിപ്രവര്‍ത്തകരുമാണ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.

Top