ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യമുനാതീരത്ത് ലോക സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായുണ്ടായ മലിനീകരണവുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. എന്നാല്‍ പിഴയായല്ല ഇത് നല്‍കുന്നതെന്നും യമുനാതീരത്തുള്ള വികസന പ്രവര്‍ത്തനത്തിന് സംഭാവനയായാണിതെന്നും ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തമാക്കി.
പിഴയടയ്ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. നേരത്തെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ പിഴ അടയ്ക്കില്ലെന്നുമാണ് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റിയ ആര്‍ട്ട് ഒഫ് ലിംവിംഗ് പിഴ അടയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇത് അവിടെ ജൈവ വൈവിദ്ധ്യ പാര്‍ക്ക് ഉണ്ടാക്കാനും യമുനാതട വികസനത്തിനുമുള്ള സംഭാവനയാണെന്നും ശ്രീ ശ്രീ പറഞ്ഞു. ആദ്യ ഘട്ട പിഴയായാണ് അഞ്ച് കോടി രൂപ അടയ്ക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത്. പൂര്‍ണമായ നാശ നഷ്ടം വിലയിരുത്തിയ ശേഷമേ മുഴുവന്‍ തുക സംബന്ധിച്ച് ട്രൈബ്യൂണല്‍ തീരുമാനമെടുക്കൂ. മൂന്നാഴ്ചയ്ക്കുള്ളില്‍ അഞ്ച് കോടി രൂപ അടയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിയ്ക്കുന്ന ഇത്തരം പരിപാടികളെ രാഷ്ട്രീയവത്കരിയ്ക്കരുതെന്നും ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങള്‍ വളരെ മോശമായ രീതിയിലാണ് തന്നെ വിമര്‍ശിച്ചതെന്ന് ശ്രീ ശ്രീ കുറപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നെത്തിയവര്‍ പരിപാടി കണ്ട് ആശ്ചര്യപ്പെട്ടതായി ശ്രീ ശ്രീ അവകാശപ്പെട്ടു. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിളിച്ച് പരിപാടി അവിടേയും നടത്തണമെന്ന് ആവശ്യപ്പെട്ടു. മെക്‌സിക്കോയില്‍ നിന്നെത്തിയവരും ഇതേ ആവശ്യം ഉന്നയിച്ചു.
ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ എന്തുകൊണ്ടാണ് പരിപാടിയെ ഇത്തരത്തില്‍ മോശമായി ചിത്രീകരിയ്ക്കുന്നതെന്ന് പല അന്താരാഷ്ട്ര മാദ്ധ്യമ പ്രതിനിധികളും ചോദിച്ചു. തനിയ്ക്കറിയില്ലെന്ന് പറഞ്ഞു. താന്‍ ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.