ന്യൂഡല്‍ഹി: പിഴ ഒടുക്കാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍. യമുനാ നദീ തീരത്ത് ലോക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു.
ഇത് ഒടുക്കുന്നതിനാണ് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ നാലാഴ്ചത്തെ സമയം നീട്ടി ചേദിച്ചിരിക്കുന്നത്. ജയിലില്‍ പോയാലും പിഴ ഒടുക്കില്ലെന്നായിരുന്നു ശ്രീ ശ്രീയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്.
അഞ്ചു കോടി രൂപ തിടുക്കത്തില്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങളുടേത് ഒരു ചാരിറ്റബിള്‍ സംഘടനയാണെന്നും ശ്രീ ശ്രീ കോടതിയെ അറിയിച്ചു. അഞ്ചു കോടി പിഴയൊടുക്കുന്നതിന് വെള്ളിയാഴ്ച വൈകിട്ട് വരെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സമയം അനുവദിച്ചിരിക്കുന്നത്.