ആർട്ടിമിസ് 1 വിക്ഷേപണം വിജയം

നാസയുടെ ആർട്ടിമിസ് 1 വിജയകരമായി വിക്ഷേപിച്ചു. ഒറൈയോൺ പേടകത്തെ എസ്എൽഎസ് റോക്കറ്റ് ആണ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ചന്ദ്രനെ ചുറ്റി ഒറൈയോൺ തിരിച്ച് ഭൂമിയിലേക്ക് വരുന്ന ദിവസത്തിനായാണ് ഇനി കാത്തിരിപ്പ്..

‘ഇത് നിങ്ങളുടെ നിമിഷമാണ്, നിങ്ങളെല്ലാം ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു….. ‘

വിക്ഷേപണത്തിന് പിന്നാലെ നാസ ഫ്ലൈറ്റ് ഡയറക്ടർ ചാർളി ബ്ലാക്ക് വെൽ തോംസണിൻറെ വാക്കുകൾ. ഇന്ധന ചോർച്ച മുതൽ ചുഴലിക്കാറ്റ് വരെയുള്ള അസാധാരണ പ്രതിസന്ധികളെ അതിജീവിച്ച് ആർട്ടിമിസ് ഒന്നാം ദൗത്യം യാത്ര തുടങ്ങിയിരിക്കുന്നു . ലോകത്ത് ഇപ്പോഴുള്ളതിൽ എറ്റവും കരുത്തനായ റോക്കറ്റ്..സ്പേസ് ലോഞ്ച് സിസ്റ്റം കഴിവ് തെളിയിച്ചു. ചാന്ദ്ര യാത്രാ പേടകം ഒറൈയോൺ ഭൗമ ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന ഭ്രമണപഥ വ്യതിയാനത്തിലൂടെയായിരിക്കും പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. നവംബർ 25 ന് ചാന്ദ്ര ഭ്രമണപഥ പ്രവേശം. 28ആം തീയതി യാത്രാ പദ്ധതിയനുസരിച്ച് ഭൂമിയിൽ നിന്നുള്ള എറ്റവും അകന്ന സ്ഥാനത്ത് പേടകമെത്തും.ഭൂമിയിൽ നിന്ന് 4,80,493.791 കിലോമീറ്റർ അകലെയായിരിക്കും ഒറൈയോൺ അപ്പോൾ. ഡിസംബർ ഒന്നാം തീയതി ചന്ദ്രനിൽ നിന്നുള്ള മടക്കയാത്ര തുടങ്ങും. ഡിസംബർ 11ന് പേടകം തിരികെ ഭൂമിയിലേക്ക്.

ചന്ദ്രനിലേക്കുള്ള മനുഷ്യ രാശിയുടെ തിരിച്ചുപോക്കിൻറെ കൗണ്ട് ഡൗണാണ് ആർട്ടിമിസ് ഒന്നാം ദൗത്യത്തിന്റെ വിക്ഷേപണത്തോടെ തുടക്കമായിരിക്കുന്നത്. ഇത്തവണ മനുഷ്യരൊന്നും പേടകത്തിലില്ലെങ്കിലും മനുഷ്യ യാത്രയ്ക്ക് വേണ്ട എല്ലാ സാങ്കേതിക സംവിധാനങ്ങളുടെയും പരീക്ഷണമാണ് ദൗത്യം. യാത്രക്കിടയിലെ പേടകത്തിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് ഡമ്മി യാത്രക്കാരായ കാംപോസും ഹെൽഗയും സോഹാറും നൽകുന്ന വിവരങ്ങൾ നിർണായകമാകും. ഇന്നേക്ക് 25 ആം നാൾ പേടകം തിരികെ ഭൂമിയിലെത്തുന്ന ദിവസത്തിനാണ് ഇനി കാത്തിരിപ്പ്.

Top