ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന 370ാം വകുപ്പ് താല്‍ക്കാലിക വകുപ്പല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് താല്‍ക്കാലിക വകുപ്പല്ലെന്ന് സുപ്രീംകോടതി. കുമാരി വിജയലക്ഷ്മി ഝാ സമര്‍പിച്ച അപ്പീലിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, ആര്‍.എഫ്.നരിമാന്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്.

2017 ലെ സര്‍ഫേസില്‍ കേസില്‍ ഈ വകുപ്പ് താല്‍ക്കാലികമല്ലെന്ന് സുപ്രീം കോടതിയുടെ വിധി ഉണ്ടായിരുന്നു. അത് ശരി വച്ചുകൊണ്ടാണ് വീണ്ടും കോടതിയുടെ പ്രസ്താവന.

2014 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഫയല്‍ ചെയ്ത കേസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനെതിരെ വീണ്ടും സമര്‍പ്പിച്ച അപ്പീലിലാണ് കോടതി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി ശരി വെച്ചിരിക്കുന്നത്.

Top