തിരുവനന്തപുരം: കേരളത്തില്‍ ഡിവൈഎഫ്ഐ നടത്തിയ ‘റീസൈക്കിള്‍ കേരള’ ക്യാമ്പയിനെ അഭിനന്ദിച്ചു കൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ മോണിംഗ് സ്റ്റാറില്‍ ലേഖനം. കേരളത്തിലെ യുവ കമ്മ്യൂണിസ്റ്റുകള്‍ വ്യത്യസ്തമായ ക്യാമ്പയിനിലൂടെ 1.2 ദശലക്ഷം പൗണ്ട് ശേഖരിച്ചു എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ ലേഖനത്തില്‍ റീസൈക്കിള്‍ കേരളയെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്.
ഫുട്‌ബോള്‍ താരം സി.കെ വിനീത് തന്റെ ജഴ്‌സി ലേലത്തിന് വെച്ചതും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ന്യൂസ് പേപ്പറുകളും കുപ്പികളുമടക്കം ശേഖരിച്ച് പണം കണ്ടെത്തി ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ നല്‍കിയ സംഭാവനയെ പത്രം മാതൃകാപരമായ പ്രവര്‍ത്തനമായി വിലയിരുത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍ ഈ ലേഖനം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ക്ഷേമ പെന്‍ഷന്‍, വീടില്ലാത്തവര്‍ക്ക് വീട്, ഹരിത കേരളം പദ്ധതി എന്നിവയെല്ലാം വാര്‍ത്തയില്‍ എടുത്തുപറയുന്നു. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് ലോക്ഡൗണ്‍ സമയത്ത് കുട്ടികള്‍ക്ക് വീട്ടില്‍ ഭക്ഷണമെത്തിച്ചതടക്കമുള്ള നടപടികളെയും ലേഖനത്തില്‍ പ്രശംസിക്കുന്നുണ്ട്.