വിക്കിപീഡിയ ലേഖനങ്ങളിലെ നിലവാരമില്ലാത്ത തിരുത്തലുകള്‍ തിരിച്ചറിയാന്‍ ‘നിര്‍മിതബുദ്ധി’ ( Artificial Intelligence-AI ) തുണയ്‌ക്കെത്തുന്നു. അതിനുള്ള സോഫ്റ്റ്‌വേര്‍ ടൂള്‍ വിക്കിപീഡിയ അവതരിപ്പിച്ചു.
‘ഒബ്ജക്ടീവ് റിവിഷന്‍ ഇവാല്യുവേഷന്‍ സര്‍വീസ്’ സോഫ്റ്റ്‌വേര്‍ ( ORES ) എന്ന ടൂളാണ് വിക്കീപിഡിയയിലെ എഡിറ്റിങിന്റെ നിലവാരം തിരിച്ചറിയാന്‍ സഹായിക്കുക. ഭാഷ, സന്ദര്‍ഭം ഇവയുടെ അടിസ്ഥാനത്തില്‍ ലേഖനത്തില്‍ നടത്തുന്ന തിരുത്തലുകളുടെ ഗുണമേന്‍മ തിരിച്ചറിയാന്‍ സഹായിക്കുന്ന ടൂളാണിത്.
ലോകമെങ്ങുമുള്ള പ്രവര്‍ത്തകര്‍ വിക്കിപീഡിയ ലേഖനങ്ങളില്‍ ദിനംപ്രതി അഞ്ചുലക്ഷം തിരുത്തലുകള്‍ നടത്താറുണ്ടെന്നാണ് കണക്ക്.
തിരുത്തലുകള്‍ എത്രത്തോളം ‘കുഴപ്പംപിടിച്ചതാണെ’ന്ന് പെട്ടെന്ന് പരിശോധിക്കാന്‍ വിക്കിപീഡിയ എഡിറ്റര്‍മാര്‍ക്കും സാധാരണ വിക്കി യൂസര്‍മാര്‍ക്കും പുതിയ ടൂള്‍ അവസരമൊരുക്കുന്നു.
തിരുത്തുകളുടെ പ്രളയത്തില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവ ഏതെന്ന് എഡിറ്റര്‍മാര്‍ക്ക് വേഗം തിരിച്ചറിയാനും, ജാഗ്രതയോടെ പുനപ്പരിശോധിക്കാനും ഇത് സഹായിക്കുമെന്ന്, വിക്കിപിഡിയ ഫൗണ്ടേഷന്‍ ബ്ലോഗില്‍ പറഞ്ഞു.