ലണ്ടന്‍: വിംബിള്‍ഡണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി വരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ എ.ഐ. സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആഗോള ഐ.ടി. ഭീമനായ ഐ.ബി.എമ്മുമായി സഹകരിച്ചാണ് വിംബിള്‍ഡണില്‍ എ.ഐ. വരുന്നത്.
ഇതോടെ ലൈന്‍ ജഡ്ജസിന്റെ ജോലി ഭീഷണിയിലായി. നിലവില്‍ ജോലിയ്ക്ക് ഭീഷണിയില്ലെങ്കിലും ഭാവിയില്‍ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. എ.ഐ. കൊണ്ടുവരുന്നതുവഴി ലൈന്‍ ജഡ്ജസിന്റെ ജോലി ടെക്നോളജി ഏറ്റെടുക്കും.
വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിംബിള്‍ഡണ്‍ വെബ്സൈറ്റിലും ആപ്പിലുമായി വരുന്ന മത്സരങ്ങളുടെ ഹൈലൈറ്റ്സ് വീഡിയോയുടെ ഓഡിയോ കമന്ററി എ.ഐയുടെ സഹായത്തോടെയായിരിക്കുമെന്ന് ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് വ്യക്തമാക്കി. അതുപോലെ ഓരോ താരത്തിന്റെയും ഫൈനലിലേക്കുള്ള വഴി എപ്രകാരമായിരിക്കുമെന്ന് വരച്ചുകാണിക്കാനും എ.ഐയ്ക്ക് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നാണ് വിംബിള്‍ഡണെന്നും എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ടൂര്‍ണമെന്റില്‍ വരുത്തണമെന്നും ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ടെക്നോളജി ഡയറക്ടര്‍ ബില്‍ ജിങ്ക്സ് അറിയിച്ചു. അതിന്റെ ഭാഗമായാണ് എ.ഐ. ടൂര്‍ണമെന്റില്‍ വരുന്നതെന്നും ഈ വര്‍ഷം ലൈന്‍ ജഡ്ജസ് ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.