മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടര്‍ന്ന് നടുവട്ടത്തെ വീട്ടില്‍നിന്ന് കഴിഞ്ഞദിവസം എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്റെ കാന്‍വാസില്‍ പകര്‍ത്തിയത്. 1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്.
കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങള്‍ കണ്ട് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ആര്‍ട്‌സ് കോളജിലെത്തിച്ചത്. 1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആര്‍ജിക്കുന്നത്. സമകാലിക മലയാളത്തിലും കലാകൗമുദിയിലും ജോലി ചെയ്തിട്ടുണ്ട്. തകഴി, വികെഎന്‍, എംടി, ബഷീര്‍, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എംടിയുടെ രണ്ടാമൂഴത്തിനും വികെഎന്നിന്റെ പിതാമഹനും പയ്യന്‍ കഥകള്‍ക്കുമൊക്കെ നമ്പൂതിരി വരച്ച ചിത്രങ്ങള്‍ പ്രശസ്തമാണ്.
മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശംസിക്കപ്പെട്ടു. വരയും പെയിന്റിങ്ങും ശില്‍പ്പവിദ്യയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. രാജാ രവിവര്‍മ്മാ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മൃണാളിനിയാണ് ഭാര്യ. പരമേശ്വരന്‍, വാസുദേവന്‍ എന്നിവര്‍ മക്കളാണ്.