ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
രാജ്യസഭയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അക്രമങ്ങള്‍ക്ക് പക്ഷപാതിത്വമില്ലെന്നും പശുവിന്റെ പേരിലുള്ളതാണെങ്കില്‍ പോലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.
അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടക്കുന്ന ഇടങ്ങളില്‍ നിയമനടപടികളും കുറ്റപത്രങ്ങളും അതിന്റേതായ വഴിയില്‍ സമര്‍പ്പിക്കുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായ്‌പ്പോഴും ശക്തമായ ഭാഷയില്‍ അപലപിക്കാറുണ്ട്. ഇതിനെതിരേ പോരാടാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണം- പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് ജയ്റ്റ്‌ലി പറഞ്ഞു.
അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നായം ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.