ന്യൂഡല്‍ഹി: വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനായി അദ്ദേഹത്തെ വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
വൃക്കദാതാവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജയ്റ്റ്‌ലി തിങ്കളാഴ്ച മുതല്‍ അവധിയിലായിരുന്നു.
ജയ്റ്റ്‌ലിയുടെ കുടുംബ സുഹൃത്തും എയിംസ് ഡയറക്ടറും രണ്‍ദീപ് ഗുലേറിയയുടെ സഹോദരനുമായ ഡോ. സന്ദീപ് ഗുലേറിയയായിരിക്കും ശസ്ത്രക്രിയ നടത്തുക. അദ്ദേഹമിപ്പോള്‍ അപ്പോളോ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധനാണ്.
2014-ല്‍ ജയ്റ്റ്‌ലി അമിതവണ്ണത്തിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ സങ്കീര്‍ണത ഉണ്ടായതുകാരണം എയിംസിലേക്ക് മാറ്റിയാണ് ചികിത്സ തുടര്‍ന്നത്. അതിനുമുമ്പ് ജയ്റ്റ്‌ലിക്ക് ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു.