ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലേയും ജെ.എന്‍.യുവിലേയും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഇടത് തീവ്രവാദി പ്രസ്ഥാനങ്ങളും ജിഹാദി ഭീകരരും ആണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
പ്രധാനമായും ഇത് ഇടത് തീവ്രവാദി പ്രസ്ഥാനങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ്. ചെറിയൊരു ശതമാനം ജിഹാദി ഭീകരരും ഇത്തരം സമരങ്ങളിലുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. ജിഹാദികളാണ് ജെ.എന്‍.യുവില്‍ ഫെബ്രുവരി 9ന് മുഖംമൂടിക്കൊണ്ട് ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് ജയ്റ്റ്‌ലി പറഞ്ഞു,
ഹൈദരാബാദ് സര്‍വകലാശാലയില്‍ ഡോ.അംബേദ്കറുടെ പേര് ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അരുണ്‍ ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. മിതവാദികളായ ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും ഇവരുടെ വലയില്‍ വീഴുകയായിരുന്നുവെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഇതിനെ പ്രത്യയശാസ്ത്രപരമായ വെല്ലുവിളിയായാണ് കാണുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഞങ്ങള്‍ എടുക്കുന്ന നിലപാടിലേക്ക് എല്ലാവരും വന്നു കഴിഞ്ഞതായും അതിനാല്‍ ബി.ജെ.പിക്കാണ് ആദ്യ റൗണ്ട് വിജയമെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു.