ന്യൂഡല്‍ഹി: സഹകരണമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് ആര്‍.ബി.ഐ ഗവര്‍ണറുമായി വിഷയം ചര്‍ച്ചചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉറപ്പുനല്‍കി. കേന്ദ്രത്തില്‍ നിന്നുള്ള എംപിമാരുമായുള്ള ചര്‍ച്ചയിലാണ് അരുണ്‍ ജയ്റ്റ്‌ലി തീരുമാനങ്ങള്‍ അറിയിച്ചത്.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന പരാതികള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയടക്കമുള്ളവരാണ് മന്ത്രിയെക്കണ്ടത്.
സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആര്‍.ബി.ഐ ഓഫീസിന് മുന്നില്‍ സമരം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെയാണ് സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്.
നോട്ട് അസാധുവാക്കിയ നടപടിയെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഗുലാം നബി ആസാദിന്റെ വിവാദപരാമര്‍ശത്തിനെതിരെ ഭരണപക്ഷംകൂടി രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ദമായി. ഇതോടെ ഇരുസഭകളും നിര്‍ത്തിവച്ചു.
ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ അധികംപേര്‍ നോട്ടു അസാധുക്കല്‍ നടപടിയെതുടര്‍ന്ന് മരിച്ചിട്ടുണ്ടെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം.