കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍കണ്ടാല്‍ ഭീകരര്‍പ്പോലും അമ്പരക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

തിരുവനന്തപുരം: ഭീകരരെപ്പോലും അമ്പരപ്പിക്കും വിധമാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് കേന്ദ്ര ധന, പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീടു സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് കേരളത്തിലെ ബിജെപി ഘടകകത്തിന് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും ജയ്റ്റ്‌ലി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ ബിജെപി പ്രവര്‍ത്തകരുടെ എണ്ണമാണ് കൂടുതല്‍. തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസിനു നേരെ ആക്രമണം ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സമയത്ത് കേരളത്തിലെ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

arun

തിരുവനന്തപുരത്ത് രാജേഷ് അനുസ്മരണ യോഗത്തില്‍ സംസാരിക്കവെ, സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജയ്റ്റ്‌ലി നടത്തിയത്. സിപിഎം നിലപാടുകളോടു യോജിക്കാത്തവരെ ഉന്‍മൂലനം ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണു കേരളത്തിലെന്നു ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

രക്തസാക്ഷികളുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണം. വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ട സര്‍ക്കാര്‍ രാഷ്ട്രീയ എതിരാകളെ ഉന്‍മൂലനം ചെയ്യുന്ന രീതി ആശാസ്യമാണോ എന്നും പരിശോധിക്കണം അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കുന്നതിലാണ് കേരള സര്‍ക്കാരിന്റെ ശ്രദ്ധയെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിച്ചു എന്നതാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ആരെയും അദ്ദേഹം ആക്രമിച്ചിട്ടില്ല. രാജ്യത്തിന്റെ ശത്രുക്കള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്നതാണ് രാജേഷിന് നേരെ ഉണ്ടായത്. ആര്‍എസ്എസ് ആണ് എല്ലാമെന്നു കരുതിയാണു രാജേഷ് ജീവിച്ചത്.

അദ്ദേഹം ആരെയും വേദനപ്പിച്ചില്ല. രാജേഷിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. സിനിമയിലോ മറ്റു പുസ്തകങ്ങളിലോ മാത്രമാണ് ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ കണ്ടിരിക്കുന്നത്. ശരീരത്തില്‍ 82 മുറിവുകളാണ് ഉണ്ടായിരുന്നത്. ശത്രുക്കള്‍ പോലും ഇത്തരം നടപടിക്കു നില്‍ക്കില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Top