ന്യൂഡൽഹി: കാഷ്മീരിൽ കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ യുവാവിനെ ജീപ്പിൽ കെട്ടിയിട്ട സൈനിക നടപടിയെ ന്യായീകരിച്ച് പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി.
സൈനിക പരിഹാരങ്ങൾ സൈന്യത്തിനുള്ളിൽ നിന്നുതന്നെയാണ് ഉണ്ടാകേണ്ടതെന്നും രാഷ്ട്രീയ പ്രസ്താവനകൾ അത്തരം നടപടികൾക്കു പ്രേരകമാകരുതെന്നും ജയ്റ്റ്ലി പറഞ്ഞു. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് സൈന്യത്തിനുതന്നെ വിട്ടുനൽകണമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
കല്ലേറു നടത്തിയ കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവച്ചു പട്രോളിംഗ് നടത്താൻ നിർദേശം നൽകിയ മേജർ ലീതുൾ ഗൊഗോയിക്ക് സൈന്യം കലാപത്തിന് എതിരായ മികച്ച സേവനത്തിനുള്ള സൈനിക ബഹുമതി നൽകി ആദരിച്ചിരുന്നു.
കലാപകാരികളുടെ കല്ലേറു തടയാൻ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ പിടികൂടി ജീപ്പിന്റെ ബോണറ്റിൽ കെട്ടിവയ്ക്കുകയായിരുന്നെന്നാണ് സൈന്യം വാദിക്കുന്നത്. ഏപ്രിൽ ഒൻപതിന് ശ്രീനഗർ ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു സംഭവം.
യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ട സംഭവത്തിൽ ഇദ്ദേഹത്തിനെതിരേ അന്വേഷണം തുടരുന്ന ഘട്ടത്തിൽ തന്നെയാണ് സൈനിക ബഹുമതിയും തേടിയെത്തുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച സേനാമേധാവി ബിപിൻ റാവത്തിന്റെ കാഷ്മീർ സന്ദർശന വേളയിൽ ബഹുമതി സമ്മാനിക്കുമെന്നാണു സൂചന.