അഹമദാബാദ്: ഗുജറാത്തിൽ വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
രാഹുൽ ഗാന്ധിക്ക് ജിഎസ്ടിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും അതിനാലാണ് ജിഎസ്ടിയെ കളിയാകുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
വികസനം മറന്ന് മതസ്പർധയാണ് കോണ്‍ഗ്രസ് വളർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്തിലെ കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നരേന്ദ്ര മോദി എന്ന വ്യക്തിയെ മാത്രമാണ് ലക്ഷ്യം വച്ചിരുന്നതെന്നും, അതിന് അവർ അധികാരത്തിന്‍റെ എല്ലാ വശവും ഉപയോഗിച്ചിരുന്നുവെന്നും, സിബിഐയെ പോലും അവർ ദുരുപയോഗം ചെയ്തുവെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തവണ വിചിത്രമായ നീക്കവുമായാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നതെന്നും, ഗുജറാത്തിലെ വികസനങ്ങളെ കളിയാക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്നും, തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവർക്ക് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
വികസനത്തിന്‍റെ ചർച്ച മാറ്റി ജാതി രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അത്തരം പ്രവർത്തികൾക്കായി ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി തുടങ്ങിയവരെയാണ് കോണ്‍ഗ്രസ് കൂട്ടുപിടിക്കുന്നത്.
ജാതിയുടെ പേരിൽ ഗുജറാത്തിനെ വിഭജിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഇത് അപകടകരമാണെന്നും അരുണ്‍ ജെയ്റ്റിലി ആരോപിച്ചു.