ഇറ്റാനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍വീസ് വിഭാഗത്തിലുള്ള ആദ്യ വോട്ട് അരുണാചല്‍ പ്രദേശില്‍ രേഖപ്പെടുത്തി. ഐ ടി ബി പിയുടെ എ ടി എസ് വിഭാഗം മേധാവി ഡി ഐ ജി സുധാകര്‍ നടരാജനാണ് സര്‍വീസ് വോട്ട് വിഭാഗത്തിലുള്ള ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്.
ഐ ടി ബി പിയുടെ ലോഹിത്പുറിലെ അനിമല്‍ ട്രെയിനിങ് സ്‌കൂളില്‍വെച്ചാണ് വോട്ട് രേഖപ്പെടുത്തല്‍ നടന്നത്. പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. തുടര്‍ന്ന് ഇത് സീല്‍ ചെയ്ത് നിക്ഷേപിക്കും. അരുണാചല്‍ പ്രദേശില്‍ വിന്യസിച്ചിട്ടുള്ള അയ്യായിരത്തോളം സൈനികരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ ആയിരം പേര്‍ ഐ ടി ബി പിയില്‍നിന്നുള്ളവരാണ്.
ഏഴു ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 11ന് ആരംഭിക്കും. മേയ് 19ന് വോട്ടെടുപ്പ് അവസാനിച്ച് 23ന് ഫലം പുറത്ത് വരും.