നോട്ടുനിരോധനം ; ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം നല്‍കണമായിരുന്നെന്ന് അരുന്ധതി ഭട്ടാചാര്യ

മുംബൈ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം നടപ്പാക്കുന്നതിന് മുൻപ് ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമായിരുന്നെന്ന് എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ.

കൂടുതൽ സമയം അനുവദിച്ചിരുന്നെങ്കിൽ ഇത്രയും സമ്മര്‍ദം അനുഭവിക്കേണ്ടിവരില്ലായിരുന്നു.
ഒരുസ്ഥലത്തുനിന്ന് പണം മറ്റൊരിടത്തേക്ക് എത്തിക്കണമെങ്കില്‍ പല നടപടിക്രമങ്ങളുണ്ട്. പോലീസ് സഹായം വേണം, സുരക്ഷ ഒരുക്കണം, വാഹനങ്ങള്‍ വേണം. അതൊരു വലിയ ജോലിയാണ് -അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

നോട്ടുനിരോധനം കൊണ്ട് ഗുണമുണ്ടായോയെന്നറിയാന്‍ കൂടുതല്‍ സമയം വേണമെന്നും, എന്നാല്‍ ചില ഗുണങ്ങളുണ്ടായിട്ടുണ്ടെന്നും, നികുതി അടയ്ക്കുന്നവരുടെ എണ്ണം 40 ശതമാനം കൂടിയെന്നും അവർ വ്യക്തമാക്കി.

മാത്രമല്ല, സാങ്കേതികവിദ്യകൊണ്ട് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പെട്ടെന്ന് പരിശോധിക്കാന്‍ കഴിയുമെന്നും, അതിനാല്‍ ഇത്തരക്കാരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും- അവര്‍ പറഞ്ഞു.

ചെയര്‍മാനായിരുന്ന കാലത്ത് ഏതെങ്കിലും സ്ഥാപനത്തിന് വായ്പ നല്‍കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയനേതാവ് വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അവരുടെ മറുപടി.

വായ്പ നല്കല്‍ ഒരാള്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ജോലിയല്ലെന്നും ഒരു കമ്മിറ്റിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

Top