സംഘപരിവാർ എതിർപ്പ്;അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി

തിരുനെൽവേലി : സംഘപരിവാർ എതിർപ്പിനെ തുടർന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസിൽ നിന്ന് ഒഴിവാക്കി സർവകലാശാല. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകമാണ് പിൻവലിച്ചത്. തിരുനൽവേലിയിലെ മനോമണിയൻ സുന്ദരാനൻ സർവകലാശാലയുടേതാണ് നടപടി.

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിലെ പാഠ്യവിഷയമായിട്ടായിരുന്നു ഈ പുസ്തകം ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ എ.ബി.വി.പി രംഗത്തെത്തി. തുടർന്നാണ് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചത്.

മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ച ശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’. 2017 മുതലാണ് പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുൻപ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

Top