ന്യൂഡല്‍ഹി: ഡല്‍ഹി കലാപം കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായും തകര്‍ത്തിരിക്കുകയാണെന്നും ഇതുതന്നെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അരുന്ധതി പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വാക്കുകള്‍ കേട്ട് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അഴിഞ്ഞാടിയ ആ സ്ഥലത്തേക്ക് ബസ് പിടിച്ച് എത്താവുന്ന ദൂരത്താണ് നമ്മള്‍ ഇരിക്കുന്നത്. പൊലീസ് അടക്കം വലിയൊരു സന്നാഹത്തിന്റെ പിന്‍ബലത്തിലാണ് അത് നടന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൂലിത്തൊഴിലാളികളായ മുസ്‌ലിംകളുടെ നേര്‍ക്കാണ് ആയുധ പ്രയോഗവും കൊലപാതകവും അരങ്ങേറിയത്. ഒരു വിദേശ രാജ്യത്തുനിന്നും യു.എന്നില്‍നിന്നും നമുക്ക് സഹായം ലഭിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാവുന്നില്ല. കടകളും വീടുകളും പള്ളികളും വാഹനങ്ങളും കത്തിച്ചു. തെരുവുകള്‍ മുഴുവന്‍ കല്‍ക്കൂമ്പാരങ്ങളാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
മോര്‍ച്ചറികളില്‍ മൃതദേഹങ്ങളും. തെരുവില്‍ അക്രമം അരങ്ങേറുമ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കിനിന്നതും ചിലയിടങ്ങളില്‍ പങ്കാളികളായതും വിഡിയോകളില്‍ കണ്ടു. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യംചെയ്ത ജസ്റ്റിസ് മുരളീധറിനെ പാതിരാ ഉത്തരവിലൂടെ സ്ഥലം മാറ്റി.
പ്രശസ്തി ആഗ്രഹിക്കാത്തവരെയും സ്വയം അപകടത്തില്‍പെടാന്‍ തയാറാവുന്നവരെയും സത്യം പറയുന്നവരെയുമാണ് യഥാര്‍ഥത്തില്‍ നമുക്കിന്നാവശ്യം. ധീരരായ മാധ്യമപ്രവര്‍ത്തകരെ, അഭിഭാഷകരെ, കലാകാരന്‍മാരെ വേണം. കാരണം, നമ്മുടെ ശ്വാസക്കുഴലിലേക്ക് തീ എത്തിക്കഴിഞ്ഞു. മൊത്തം സംവിധാനവും പരാജയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.