ആരുഷി വധക്കേസ്: മാതാപിതാക്കളെ വെറുതെ വിട്ടതിനെതിരെ സിബിഐ അപ്പീല്‍ നല്‍കി

അലഹാബാദ്: ആരുഷി വധക്കേസില്‍ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ആരുഷിയുടെ മാതാപിതാക്കളെ വെറുതേവിട്ട വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്. കൊല്ലപ്പെട്ട ഹേംരാജിന്റെ ഭാര്യയും ഹൈക്കോടതി വിധിക്കെതിരെ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഇവര്‍ക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട’തായി ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

2008 മേയ് 16ന് ആണ് ആരുഷിയെ (15) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. 2013 നവംബറിലാണ് ഇരുവരുടെയും കൊലയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഈ വിധിയാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്.

ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസില്‍ രാജേഷ് തല്‍വാറിനും ഭാര്യ നൂപുര്‍ തല്‍വാറിനും ജീവപര്യന്തം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top