അരുവിക്കര പിടിച്ചെടുക്കാൻ പുതുമുഖത്തെ ഇറക്കി ഇടതുമുന്നണി

പുതുമുഖമായ ജി.സ്റ്റീഫനെ ഇറക്കി കെ.എസ്.ശബരീനാഥന്റെ അരുവിക്കര പിടിച്ചെടുക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. പിണറായി വിജയന്‍ സര്‍ക്കാര്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്കായി അനുവദിച്ച ഒബിസി സംവരണം ശബരിനാഥനെ മറിക്കാന്‍ സഹായകരമാകുമെന്ന കണക്കൂകൂട്ടലിലാണ് ഇടതുമുന്നണി.

തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് വലിയ ഭീഷണിയില്ലാത്ത മണ്ഡലമായിരുന്നു അരുവിക്കര. വികസന മുന്നേറ്റജാഥ നയിച്ചുകൊണ്ട് ശബരിനാഥന്‍ പ്രചാരണരംഗത്തേക്ക് കടന്നിരിക്കുന്നത് മണ്ഡലം നിലനിര്‍ത്താനുറപ്പിച്ചാണ്. 21,314 വോട്ടുകള്‍ക്കാണ് ശബരിനാഥന്‍ 2016ല്‍ വിജയിച്ചത്. നാടാര്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിലെ വോട്ടുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശബരിനാഥന് മുതല്‍കൂട്ടായിരുന്നു.

ഈ വോട്ടുകളില്‍ ലക്ഷ്യമിട്ടാണ് അരുവിക്കരയിലെ ഇടതുപക്ഷത്തിന്റെ തന്ത്രങ്ങള്‍. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന് സര്‍ക്കാര്‍ അനുവദിച്ച ഒബിസി സംവരണം, പിന്നാലെ ആ വിഭാഗത്തില്‍ നിന്നുള്ള ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കിയും എല്‍ഡിഎഫ് കരുക്കള്‍ നീക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 1,89,862 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 43,000ന് മുകളില്‍ നാടാര്‍ വോട്ടുകളുണ്ട്. അതില്‍തന്നെ 38,000 ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളാണ്.

സര്‍ക്കാരിന്റെ നേട്ടം കിട്ടിയിട്ടുള്ളവര്‍ എല്ലാം അനുകൂലമായി വോട്ടുചെയ്യുമെന്നാണ് ഇടതു സ്ഥാനാര്‍ഥി ജി.സ്റ്റീഫന്റെ പ്രതികരണം.മണ്ഡലത്തിലെ ഓരോ മേഖലയിലുമുള്ള പരിചയമാണ് ശബരിനാഥന്റെ ആത്മവിശ്വാസം. സാമുദായിക വോട്ടുകള്‍ക്ക് അപ്പുറം ഓരോ വീടുകളിലും തനിക്ക് സ്ഥാനമുണ്ടെന്നാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളിയേപ്പറ്റി ശബരിനാഥന്റെ പ്രതികരണം. ഉറച്ച മണ്ഡലമെന്ന് യുഡിഎഫ് കരുതുമ്പോഴും തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച 6763 വോട്ടിന്റെ ലീഡ് അവര്‍ക്ക് ഭീക്ഷണിയാണ്.

Top