ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി റോസ് അവന്യു കോടതിയിലാണു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേജ്‌രിവാള്‍ ഹാജരായത്. നിയമസഭയില്‍ ബജറ്റ് സമ്മേളനവും വിശ്വാസ വോട്ടെടുപ്പും നടക്കുന്നതിനാലാണു നേരിട്ട് ഹാജരാവാത്തതെന്ന് കേജ്‌രിവാള്‍ കോടതിയെ അറിയിച്ചു. അടുത്തദിവസം കേജ്‌രിവാള്‍ നേരിട്ടു ഹാജരാകുമെന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 16നു കേസ് വീണ്ടു പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
അഞ്ചുതവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ഡിയാണു കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 17നു ഹാജരാകാന്‍ കേജ്‌രിവാളിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ ഇ.ഡി വീണ്ടും കേജ്‌രിവാളിനു സമന്‍സ് അയച്ചിരുന്നു. അതേസമയം, കേജ്‌രിവാളിനെ അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കെ ഡല്‍ഹി നിയമസഭയില്‍ വിശ്വാസവോട്ടു തേടി കരുത്തുതെളിയിക്കാനുള്ള നാടകീയ നീക്കമാണു കേജ്‌രിവാള്‍ നടത്തുന്നത്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രമേയം അദ്ദേഹം ഇന്നലെ സഭയില്‍ അവതരിപ്പിച്ചു. പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇന്നു നടക്കും.