വായുമലിനീകരണത്തിന്റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വ്യാപകമാകുന്നതാണ് നഗരത്തിലെ രൂക്ഷമായ വായുമലിനീകരണത്തിന് കാരണമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മാസ്‌കുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം അഞ്ച് വരെ ഡല്‍ഹിയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ഇപിസിഎ ഉത്തരവിട്ടു.ശീതകാലം കഴിയുന്നത് വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇപിസിഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Top