നിര്‍ഭയക്ക് ‘നീതി’ എത്രയും വേഗം,പ്രതികള്‍ നിയമത്തെ കരുവാക്കുന്നത് നിരാശാജനകം; കെജ്രിവാള്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതികള്‍ നിയമത്തെ കരുവാക്കുന്നത് നിരാശാജനകമായ കാര്യമാണ്.

‘അവര്‍ എത്രയും പെട്ടെന്ന് തൂക്കിലേറ്റപ്പെടണം. ബലാത്സംഗക്കേസുകളിലെ നമ്മുടെ നിയമങ്ങളില്‍ എത്രയും പെട്ടെന്ന് ഭേദഗതി വരുത്തേണ്ടതാവശ്യമാണ്. അത്തരക്കാരെ ആറ് മാസത്തിനകം തൂക്കിലേറ്റണം’. കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ജയില്‍ നിയപ്രകാരം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നിലധികം പ്രതികളില്‍ ഒരു പ്രതി അപ്പീല്‍ നല്‍കിയാല്‍ മറ്റ് പ്രതികളുടെയും വധശിക്ഷ മാറ്റിവയ്ക്കും. പ്രതികളിലൊരാളായ വിനയ് ശര്‍മ്മ വധശിക്ഷയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് ഡല്‍ഹി പട്യാല കോടതി വധശിക്ഷ നീട്ടിവയ്ക്കാന്‍ ഉത്തരവിറക്കിയത്. രണ്ടാം തവണയാണ് നിര്‍ഭയ കുറ്റവാളികളുടെ വധശിക്ഷ മാറ്റിവയ്ക്കുന്നത്.

അതേസമയം, പ്രതികളെ ഇന്ന് തൂക്കിലേറ്റാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി ഡമ്മി പരീക്ഷണവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പിന്നീടാണ് വധശിക്ഷ നീട്ടിയെന്ന വിധി പുറത്ത് വന്നത്.

Top