‘നിയമ വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിച്ച് ഒരു കുറ്റവാളിയും രക്ഷപ്പെടരുത്‌’ :കെജ്രിവാള്‍

ന്യൂഡല്‍ഹി: ഏഴ് വര്‍ഷം നീണ്ട് നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി ലഭിച്ചതിന്റെ സന്തോഷത്തിലും ആത്മ സംതൃപ്തിയിലുമാണ് രാജ്യത്തെ ഓരോ ജനതയും. ഇപ്പോഴിതാ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലായ സാഹചര്യത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാവില്ല എന്ന് നമ്മള്‍ പ്രതിജ്ഞ എടുക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

നിര്‍ഭയയ്ക്ക് നീതി നടപ്പാക്കാന്‍ ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. കുറ്റവാളികള്‍ നമ്മുടെ നിയമത്തെ എങ്ങനെ വളച്ചൊടിച്ചുവെന്നും നമ്മള്‍ കണ്ടു. നിയമ വ്യവസ്ഥയില്‍ പഴുതുകള്‍ ഉണ്ടെന്നും ഈ പഴുതുകളുപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൃത്യം നടന്നതിന് ശേഷം ഏഴ് വര്‍ഷങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കും ശേഷമാണ് നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കപ്പെടുന്നത്. നിയമ വ്യവസ്ഥ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസത്തിനു ശേഷം നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നാണ് രാജ്യം നിര്‍ഭയ എന്നും ഡല്‍ഹി പെണ്‍കുട്ടി എന്നും വിളിച്ച 26 കാരിയുടെ കൂട്ട ബലാത്സംഗ കേസ്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ കളങ്കമാക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗം നടക്കുന്നത്. നിര്‍ഭയയും സുഹൃത്തുംകൂടി സിനിമ കണ്ട് വരുന്ന വഴി രാത്രി 10.40നാണ് ഡല്‍ഹി മുനീര്‍ക ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇവര്‍ പ്രതികള്‍ സഞ്ചരിച്ച ബസില്‍ കയറുന്നത്. വെളുത്ത നിറം പൂശിയ ഒരു സ്വകാര്യ ബസിലായിരുന്നു ഇരുവരും കയറിയത്. അവളുടെ ദുരന്തം അവിടെ തുടങ്ങുകയായിരുന്നു. ഏറെ നേരത്തെ ക്രൂര പീഡനത്തിനൊടുവില്‍ അവര്‍ അവളെ വിവസ്ത്രയാക്കി വഴിയരികിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

Top