ഗാന്ധിനഗർ: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിൽ എഎപിയെ വിജയത്തിലെത്തിച്ചാൽ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാൾ. ഒറ്റ വോട്ട് പോലും കോൺഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവും കേജ്രിവാൾ നടത്തി. ദഹോദിൽ നടന്ന സമ്മേളനത്തിലാണ് കേജ്രിവാളിൻറെ പ്രഖ്യാപനം. ഗുജറാത്തിൽ മതപരിവർത്തന വിവാദവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വന്നതിന് പിന്നാലെയാണ് കേജ്രിവാളിൻറെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിനൊപ്പമായിരുന്നു കേജ്രിവാളിൻറെ ഗുജറാത്ത് സന്ദർശനം. ഗുജറാത്തിലെ റോഡുകളുടെ മോശം അവസ്ഥയേക്കുറിച്ചും കേജ്രിവാൾ സമ്മേളനത്തിൽ ആഞ്ഞടിച്ചു. ഗുജറാത്തിലെ റോഡുകൾ മികച്ചതാണെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഇപ്പോഴുള്ള മോശം റോഡുകൾ മൂലം ഒരു മണിക്കൂർ സമയമുള്ള യാത്ര മൂന്ന് മണിക്കൂറായി. ഡിസംബർ 1ന് എഎപി അധികാരത്തിലെത്തുമ്പോൾ ആദ്യം ചെയ്യുക പ്രധാന റോഡിലെ അറ്റകുറ്റ പണികൾ ആറുമാസത്തിനുള്ളിൽ ചെയ്യും. മൂന്ന് വർഷത്തിനുള്ളിൽ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കുമെന്നും കേജ്രിവാൾ പറഞ്ഞു. വഡോദരയിൽ എഎപി ബിജെപി സംഘർഷത്തിലേക്ക് നയിച്ച എഎപി വിരുദ്ധ പോസ്റ്ററുകളേക്കുറിച്ച് പരാമർശിക്കാതെയായിരുന്നു കേജ്രിവാളിൻറെ പ്രസംഗം.