ദില്ലിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി നീക്കം നടത്തുന്നതായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ദില്ലിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി നീക്കം നടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍. ഏഴ് എംഎല്‍എമാരെ ബിജെപി സമീപിച്ചതായും ഓരോ എംഎല്‍എമാര്‍ക്കും 25 കോടി രൂപ വാഗ്ദാനം ചെയ്തതായും കെജ്രിവാള്‍ ആരോപിച്ചു. ജനാധിപത്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം ഒരു എംഎല്‍എ പോലും ബിജെപിക്ക് ഒപ്പം പോയിട്ടില്ല എന്നും ദില്ലി മുഖ്യമന്ത്രി അത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് എതിരായ മദ്യനയ കേസ് അഴിമതിയുടെ ഭാഗമായല്ല, സര്‍ക്കാരിനെ മറിച്ചിടാന്‍ വേണ്ടിയാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിക്കാത്ത സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിക്കാന്‍ ഓപ്പറേഷന്‍ ലോട്ടസ് തുടരുന്നു എന്ന് എഎപി മന്ത്രി അതിഷി മര്‍ലേനയും ആരോപിച്ചു. ദില്ലി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമിക്കുന്നു എന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെയും ആരോപിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ദില്ലി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. ഓപ്പറേഷന്‍ താമരയുടെ ഭാഗമായി ഏഴ് എംഎല്‍എമാരെ ബിജെപി സമീപിച്ചു. ഇതിന് തെളിവായി ഫോണ്‍ സംഭാഷണം കൈവശം ഉണ്ടെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി. ദില്ലി മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിനെ ഉടന്‍ അറസ്റ്റ് ചെയ്യും. പിന്നാലെ സര്‍ക്കാരിനെ അട്ടിമറിക്കും. ഇതിനോടകം 21 ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയുമായി ധാരണയില്‍ എത്തിയെന്നുമാണ് ഫോണില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്നാണ് കെജ്രിവാള്‍ വ്യക്തമാക്കുന്നത്.

Top