ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടറിയേറ്റിലെ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ലെന്നും ഡല്‍ഹിയുടെ വികസനം സെക്രട്ടറിയേറ്റില്‍ തടസപ്പെട്ടിരിക്കുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.
ഊര്‍ജ വകുപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ല. അവര്‍ ഫയലുകള്‍ പിടിച്ചുവയ്ക്കുന്നു- ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള തന്റെ നീക്കത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി ചൂണ്ടിക്കാട്ടി കേജരിവാള്‍ കുറ്റപ്പെടുത്തി.
കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന വാദം, സ്ഥിരപ്പെടുത്തിയാല്‍ കരാര്‍ തൊഴിലാളികള്‍ പണിയെടുക്കില്ല എന്നാണ്. അങ്ങനെയെങ്കില്‍ 90 ശതമാനം ഐഎഎസ് ഉദ്യോഗസ്ഥരും പണിയെടുക്കുന്നില്ല എന്നാണു താന്‍ മനസിലാക്കുന്നതെന്നും കേജരിവാള്‍ പറഞ്ഞു.
കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ വിജ്ഞാപനം ലഫ്.ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ തൊഴില്‍ വകുപ്പിനോടു നിര്‍ദേശിച്ച കേജരിവാള്‍, വിജ്ഞാപനം ഗവര്‍ണര്‍ നിരസിച്ചാല്‍ അതിന്റെ കാരണം വിശദീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും പറഞ്ഞു. ഒരേ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ഒരേ വേതനം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.