ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു.കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയൊന്നിനും നവംബര്‍ രണ്ടിനും ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഇഡി നല്‍കിയ നോട്ടിസുകളും കെജ്രിവാള്‍ അവഗണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡിയുടെ വാദം. അതേസമയം,ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
ഏജന്‍സിയുമായി സഹകരിക്കാന്‍ കെജ്രിവാള്‍ തയ്യാറാണെന്നും എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സമന്‍സ് അയച്ചതെന്നും ആം ആദ്മി അറിയിച്ചു. ‘എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നോട്ടീസ് അയച്ചത്?. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കെജ്‌രിവാളിനെ തടയാനുള്ള ശ്രമമാണ് നോട്ടീസ്,’ പാര്‍ട്ടി ആരോപിച്ചു.ഇത് മൂന്നാം തവണയാണ് കെജ്രിവാള്‍ ഇഡി നോട്ടീസ് തള്ളുന്നത്.
നേരത്തെ നവംബര്‍ 2 നും ഡിസംബര്‍ 21 നുമായിരുന്നു ഇഡി കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഇരുതവണയും അദ്ദേഹം ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ വിസമ്മതിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ കെജ്രിവാളിനെ സിബിഐ ഒന്‍പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.