മോദിയുടെ ഹിന്ദു – മുസ്ലീം വാദം ; പ്രതികരണവുമായി അരവിന്ദ് കെജരിവാള്‍

ഇന്‍ഡോര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹിന്ദു മുസ്ലീം വാദത്തിന് പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അധികാരത്തിലേറി നാല് വര്‍ഷത്തിന് ശേഷവും ഹിന്ദു-മുസ്‌ലിം വാദവുമായി മോദി വീണ്ടുമെത്തിയത് സര്‍ക്കാരിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതു കൊണ്ടാണെന്നാണ് കെജരിവാളിന്റെ വാദം.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി.

ഹിന്ദു മുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. അമേരിക്ക നാനോ ടെക്‌നോളജിയെക്കുറിച്ചും ജപ്പാനും ഫ്രാന്‍സും ഇംഗ്ലണ്ടുമെല്ലാം മറ്റ് വലിയ പദ്ധതികളെക്കുറിച്ചും പറയുമ്പോള്‍ മോദി ഹിന്ദു-മുസ്‌ലിം വിഷയമാണ് സംസാരിക്കുന്നത്. വിദ്യാഭ്യാസം കൊണ്ടുമത്രമേ രാജ്യത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയൂ. കഴിഞ്ഞ 70 വര്‍ഷമായി കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് കാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്നും കെജരിവാള്‍ ആരോപിച്ചു.

Top