സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി : സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കണ്ണൂർ സ്വദേശിനിയും കളമശ്ശേരിയിലെ കുസാറ്റ് അനന്യ ഹോസ്റ്റൽ വാർഡനുമായ ആര്യ (34) യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ആലുവ പോലീസ് മുമ്പാകെ ആര്യ കീഴടങ്ങുകയായിരുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും മര്‍ദന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‌തെങ്കിലും പോലീസ് നടപടിയെടുക്കാന്‍ ആദ്യം തയാറായില്ല. പ്രതിഷേധം കനത്തതോടെ ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവര്‍ ഹാജരായത്.

ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മര്‍ദിച്ചത്. രാവിലെ സ്‌കൂട്ടറില്‍ ആശുപത്രിയിലെത്തിയ യുവതിയോട് സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് മാറ്റി വയ്ക്കാന്‍ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാതെ ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോള്‍ സ്‌കൂട്ടര്‍ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം റിങ്കുവിന്റെ മുഖത്തിടിയ്ക്കുകയായിരുന്നു.

സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മര്‍ദ്ദിച്ചതെന്നും റിങ്കു പറഞ്ഞു. അകാരണമായി മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും സെഷന്‍ 323, 294 ബി, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടി വരും. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കുസാറ്റ് രജിസ്ട്രാര്‍ക്ക് കൈമാറുമെന്നു ചീഫ് വാര്‍ഡന്‍ പറഞ്ഞു.

Top