മലപ്പുറം: മലപ്പുറം ജില്ലയില്‍ 26 പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും പോരടിച്ചു മത്സരിച്ച കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തര്‍ക്കത്തിന്റെ മുറിവുണക്കി മുസ്‌ലിം ലീഗിന്റെ കേരളയാത്രയെ സ്വീകരിക്കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും കോണ്‍ഗ്രസ് നേതാക്കളും എത്തി.
പഞ്ചായത്തു തിരഞ്ഞെടുപ്പിലെ പരിക്കു പോയിക്കിട്ടിയെന്നും ഇനി മുട്ടറക്കണമെന്നും ജാഥാ ക്യാപ്റ്റന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പരസ്പരം മത്സരിച്ച് മുറിവുപറ്റിയ കോണ്‍ഗ്രസിനും ലീഗിനും മുറിവുണക്കലായി മാറി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെയും അതിനു പിന്നാലെ എത്തിയ കുഞ്ഞാലിക്കുട്ടിയുടെയും യാത്രകള്‍.
നേരത്തെ കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്റെ കേരള രക്ഷാമാര്‍ച്ചില്‍ യു.ഡി.എഫ് സംവിധാനമില്ലാതെ ലീഗിനെതിരെ കോണ്‍ഗ്രസ് മത്സരിച്ച സ്ഥലങ്ങളില്‍ സ്വീകരണം വെക്കാതെയാണ് ഐക്യ ആഹ്വാനം മുഴക്കിയത്. സി.പി.എമ്മുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസിന് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കിട്ടിയ കൊണ്ടോട്ടിയില്‍ നഗരസഭാ ചെയര്‍മാനോട് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു വരാനാണ് സുധീരന്‍ ആവശ്യപ്പെട്ടിരുന്നത്.
മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയില്‍ ലീഗിനെതിരെ മത്സരിച്ചതിന് കെ.പി.സി.സി അംഗം പി.എ ചെറീതിനെ സ്വീകരണവേദിയില്‍ സുധീരന്‍ പരസ്യമായി ശാസിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ചെറീത് കെ.പി.സി.സി അംഗത്വം രാജിവെച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഗൗനിച്ചില്ല. സുധീരന്റെ സ്വീകരണയോഗത്തില്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് മന്ത്രിമാരും എം.എല്‍.എമാരും നേതാക്കളും പങ്കെടുക്കുകയും ചെയ്തു.
ജില്ലയില്‍ പലപ്പോഴും ശക്തമായ ലീഗ് വിരുദ്ധ നിലപാട് എടുക്കുന്ന കോണ്‍ഗ്രസ് നേതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദാണ് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയില്‍ കുഞ്ഞാലിക്കുട്ടിയുടെ യാത്രയെ സ്വീകരിക്കാനെത്തിയത്. സുധീരന്റെ യാത്രക്കു പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ജാഥയും തിരുവനന്തപുരത്തെത്തുന്നതോടെ യു.ഡി.എഫിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ് ആര്യാടന്‍ പറഞ്ഞത്. പുതിയ വെളിപ്പെടുത്തലുകള്‍കൊണ്ട് 10 സീറ്റ് കൂടുതല്‍ കിട്ടുമെന്നും ആര്യാടന്‍ വ്യക്തമാക്കി.
ചിലയിടത്തൊക്കെ പരസ്പരം മത്സരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരിക്കുപറ്റി ഇരിക്കുകയായിരുന്നെന്നും ഇപ്പോള്‍ അതുപോയിക്കിട്ടിയെന്നും ആര്യാടനെ നോക്കി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി ഒന്ന് മുട്ടറക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ സദസില്‍ ചിരിപൊട്ടി.
കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത് ഷാള്‍ അണിയിച്ചാണ് കുഞ്ഞാലിക്കുട്ടിയെ വേദിയിലേക്കു ആനയിച്ചത്. കെ.പി.സി.സി സെക്രട്ടറിമാരായ വി.എ കരീം, വി.വി പ്രകാശ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബുമോഹനക്കുറുപ്പ് എന്നിവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.