മലപ്പുറം: സംസ്ഥാനത്ത് അനുവദിച്ച ഏക സര്‍ക്കാര്‍ കോളേജ് നിലമ്പൂരിലേക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദ് അടിച്ചെടുത്തു. ഇതോടെ നിലമ്പൂരില്‍ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ആറാമത്തെ കോളേജാണ് വരുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയില്‍ ഒറ്റ എയിഡഡ് കോളേജ് മാത്രമാണുള്ളത്.
ലീഗ് എം.എല്‍എമാരായ എം.പി അബ്ദുസമദ് സമദാനി, കെ.എന്‍.എ ഖാദര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ സര്‍ക്കാര്‍, എയിഡഡ് കോളേജുകളേയില്ല. സര്‍ക്കാര്‍, എയിഡഡ് കോളേജുകളില്ലാത്ത മണ്ഡലങ്ങളില്‍ പുതിയ കോളേജ് അനുവദിക്കുമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് പുതിയ കോളേജുകള്‍ വരേണ്ടിയിരുന്നത്.
എന്നാല്‍ സംസ്ഥാനത്ത് അഞ്ച് പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ അനുവദിച്ചപ്പോള്‍ അതിലെ ഏക സര്‍ക്കാര്‍ കോളേജ് നിലമ്പൂര്‍ സ്വന്തമാക്കുകയായിരുന്നു. എയിഡഡ് കോളേജുകളായ ചുങ്കത്തറ മാര്‍ത്തോമ്മ കോളേജ്, അമല്‍ കോളേജ് എന്നിവക്കു പുറമെ പാലോമാട് ശ്രീവിവേകാനന്ദ, മൂത്തേടം ഫാത്തിമ സ്വാശ്രയ കോളേജുകളും നിലമ്പൂരിലാണ്. നിലമ്പൂരിനു അഞ്ചു കിലോ മീറ്ററിനുള്ളില്‍ മമ്പാട് എം.ഇ.എസ് കോളേജുമുണ്ട്.
മാനവേദന്‍ സ്‌കൂള്‍ വളപ്പില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വരുന്ന അധ്യയനവര്‍ഷം ക്ലാസ് ആരംഭിക്കുന്നതോടെ നിലമ്പൂരില്‍ 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ആറു കോളേജുകളാവും. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ കുഞ്ഞാലിക്കുട്ടിയുടെയോ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെയോ മണ്ഡലത്തിലില്ലാത്ത നേട്ടമാണ് ഇതോടെ നിലമ്പൂരിനു ലഭിക്കുന്നത്. കോളേജുകളില്ലാത്ത കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ഡലത്തില്‍ നേരത്തെ സര്‍ക്കാര്‍ കോളേജ് ആണ് അനുവദിച്ചത്. സ്ഥലം ലഭ്യമായില്ലെന്നു പറഞ്ഞ് പിന്നീടത് ലീഗ് നേതൃത്വത്തില്‍ എയിഡഡ് കോളേജാക്കി മാറ്റുകയായിരുന്നു. നിയമനത്തിന് കോടികള്‍ പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ കോളേജ് തീരുമാനം അട്ടിമറിച്ചതെന്നാരോപിച്ച് ഏറെക്കാലം സമരവും നടന്നിരുന്നു.
സര്‍ക്കാര്‍ കോളേജിനു പകരം എയിഡഡ്, സ്വാശ്രയ കോളേജുകള്‍ സ്ഥാപിക്കാനാണ് ലീഗ് നേതാക്കള്‍ മുന്നിട്ടിറങ്ങിയത്. എയിഡഡ് കോളേജുകള്‍ അനുവദിക്കില്ലെന്നു സര്‍ക്കാര്‍ നയം തിരുത്തിയാണ് 2005ല്‍ മുസ്‌ലിം ലീഗ് നേതാവും രാജ്യസഭാ എം.പിയുമായ പി.വി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ അമല്‍ കോളേജ് ആരംഭിച്ചത്. വഹാബിന്റെ സഹോദരന്‍ പി.വി അലിമുബാറക്കാണ് കോളജ് കമ്മിറ്റി പ്രസിഡന്റ്. മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ മങ്കടയില്‍ ജെംസ് സ്വാശ്രയകോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.