ഇന്ത്യാ വിഭജനത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്‌റുവും മൗലാന അബുല്‍ കലാം ആസാദും പട്ടേലുമാണെന്ന മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എക്‌സപ്രസ് കേരളക്ക് നല്‍കിയ പ്രത്യേക ലേഖനം.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിഭജനത്തില്‍ ലീഗിന്റെയും ജിന്നയുടെയും പങ്ക് ഉയര്‍ത്തി ആര്യാടന്‍ രംഗത്തുവന്നത് രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കും.
ഇന്ത്യാവിഭജനത്തിനും പാക്കിസ്ഥാന്‍ രൂപീകരണത്തിനും കാരണം ജവഹര്‍ലാല്‍ നെഹ്‌റുവും മൗലാന അബുല്‍കലാം ആസാദും സര്‍ദാര്‍ വല്ലഭായി പട്ടേലുമായിരുന്നു എന്നുള്ള ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം സത്യവിരുദ്ധവും ചരിത്ര നിഷേധവുമാണ്.
ഇന്ത്യാവിഭജനത്തെ അവസാനം വരെ എതിര്‍ത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും. ഇന്ത്യ വിഭജിച്ച് മുസ്‌ലീങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വേണമെന്ന മുസ്‌ലിം ലീഗിന്റെ 1940തിലെ ലാഹോര്‍ സമ്മേളന പ്രഖ്യാപനത്തിനു രണ്ട് വര്‍ഷം മുമ്പു തന്നെ ജിന്ന മുസ്‌ലിം രാഷ്ട്രം എന്ന വാദം ഉയര്‍ത്തിയിരുന്നു. 1938 ആഗസ്റ്റ് രണ്ടിന് ജിന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്തില്‍ ”ഇന്ത്യയിലെ മുസ്‌ലീങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അധികാരവും അവകാശവുമുള്ള അവരുടെ ഏക രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണ്. കോണ്‍ഗ്രസ് ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മുസ്‌ലീങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട യാതൊരുവിധ അവകാശവുമില്ല” എന്നാണ് എഴുതിയത്.
1938 ഡിസംബര്‍ 26ന് പാറ്റ്‌നയില്‍ ചേര്‍ന്ന ആള്‍ ഇന്ത്യാ മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ” കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയല്ല, ഒരു സാമുദായിക പാര്‍ട്ടിയാണ്. ഹിന്ദു രാഷ്ട്രത്തിനു വേണ്ടി അവരുടെ സംസ്‌ക്കാരം അടിച്ചേല്‍പ്പിച്ച് ഹിന്ദുരാജ്യം കെട്ടിപ്പടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്” എന്നാണ് അധ്യക്ഷ പ്രസംഗത്തില്‍ ജിന്ന പറഞ്ഞത്. 1940 മാര്‍ച്ച് 22 മുതല്‍ 24 വരെ ലാഹോറില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് മുസ്‌ലീങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രമായി പാക്കിസ്ഥാന്‍ വേണമെന്ന പ്രഖ്യാപനമുണ്ടായത്. 22ന് ജിന്നയുടെ അധ്യക്ഷ പ്രസംഗത്തില്‍. ”മുസ്‌ലീങ്ങള്‍ രാജ്യത്തിന്റെ ഏതു നിര്‍വചനം അനുസരിച്ചും ഒരു രാഷ്ട്രമാണെന്നും അവര്‍ക്ക് അവരുടേതായ ഭരണകൂടം ഉണ്ടാവണമെന്നും ” അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. 23നാണ് മുസ്‌ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന പ്രമേയവും അവതരിപ്പിച്ചു.
ലീഗിന്റെ പാക്കിസ്ഥാന്‍ ആവശ്യത്തിനു ശേഷവും ലീഗ് അടക്കമുള്ള രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം ഒരുമിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്‌റുവും ആസാദും പട്ടേലും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. 1940 ജൂലൈ മൂന്നു മുതല്‍ ഏഴു വരെ ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തിര കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കുകയാണെങ്കില്‍ യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കാമെന്നും ലീഗടക്കമുള്ള എല്ലാ രാഷ്ട്രീയകക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ ഗവണ്‍മെന്റ് ഉണ്ടാക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒരുമിച്ചു പോകേണ്ടതാണെന്നും ഇക്കാര്യം ജിന്നയുമായി ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മൗലാന അബുല്‍കലാം ആസാദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം ജിന്നയെ കണ്ട് ചര്‍ച്ച നടത്താന്‍ ആസാദ് ജിന്നക്ക് കമ്പി സന്ദേശം അയച്ചു.
ഏറെ പ്രകോപനപരവും അപമാനകരവുമായ മറുപടിയാണ് ജിന്ന നല്‍കിയത്. ” നിങ്ങളോട് എഴുത്തിലൂടെയോ നേരിട്ടോ ഞാന്‍ സംസാരിക്കില്ല. ഇന്ത്യയിലെ മുസ്‌ലീങ്ങളുടെ പിന്തുണ നിങ്ങള്‍ക്കില്ല. ഹിന്ദു പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പാവയാണ് നിങ്ങള്‍” എന്ന മറുപടിയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനായ ആസാദിനെ ജിന്ന അവഹേളിക്കുകയായിരുന്നു. എന്നിട്ടും രാജ്യത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കാനും വിഭജനം തടയാനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മതംപറഞ്ഞ് ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജിന്ന പാക്കിസ്ഥാന്‍ നേടുകയായിരുന്നു. മതത്തിന്റെ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യം നേടിയെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് സൈ്വര്യജീവിതം നല്‍കാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. രാഷ്ട്രീയ അട്ടിമറികളും പട്ടാളഭരണവും തീവ്രവാദവും ആക്രമണങ്ങളുമായി ഇന്നും സമാധാനമില്ലാത്ത നാടായി പാക്കിസ്ഥാന്‍ തുടരുകയാണ്.
മുഹമ്മദാലി ജിന്നയുടെ മതരാഷ്ട്രവാദത്തെ അന്നും ഇന്നും അതിശക്തമായി എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെയാണ് ജൂതന്‍മാര്‍ക്ക് ഒരു രാഷ്ട്രം വേണമെന്ന ആവശ്യത്തെയും കോണ്‍ഗ്രസും നേതാക്കളും എതിര്‍ത്തത്. 1948ല്‍ ജൂതന്‍മാര്‍ക്കായി ഇസ്രയേല്‍ എന്ന രാജ്യം സൃഷ്ടിച്ചപ്പോള്‍ അതിനെയും കോണ്‍ഗ്രസ് എതിര്‍ക്കാന്‍ കാരണം മതത്തിന്റെ പേരില്‍ രാഷ്ട്രമെന്ന വാദം കോണ്‍ഗ്രസ് അംഗീകരിക്കാത്തതുകൊണ്ടാണ്.