മലപ്പുറം: മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കുന്നതിലും അവസാന വാക്ക് മുസ്ലീം ലീഗ്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കേരളത്തിലെ പ്രാദേശിക പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ മുന്നില്‍ കീഴടങ്ങുന്നതിന്റെ ദയനീയ ചിത്രമാണ് മലപ്പുറത്ത്. രാഹുല്‍ ഗാന്ധി എം.പിയുടെ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന നിലമ്പൂരില്‍ സ്വന്തം പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം പോലും കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒത്തുതീര്‍പ്പ് ഫോര്‍മുലയായി സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കാനെടുത്ത തീരുമാനം മുസ്ലിം ലീഗിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്യാടന്‍ ഷൗക്കത്തും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശുമായിരുന്നു അവസാനഘട്ടം വരെയുണ്ടായിരുന്നത്. നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും ഏഴു മണ്ഡലം കമ്മിറ്റികളില്‍ അഞ്ച് മണ്ഡലം കമ്മിറ്റികളും പി.വി അന്‍വറിനെ തോല്‍പ്പിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും ഷൗക്കത്തിനൊപ്പമായിരുന്നു.
പ്രകാശ് പ്രസിഡന്റായ മലപ്പുറം ഡി.സി.സിയുടെ റിപ്പോര്‍ട്ടും രണ്ടു മണ്ഡലം കമ്മിറ്റികളുമായിരുന്നു പ്രകാശിനൊപ്പം നിന്നത്. എ.ഐ.സി.സി രണ്ടു ഘട്ടങ്ങളിലായി നടത്തിയ സര്‍വെയിലും സാമുദായിക സമവാക്യങ്ങളും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടക്കം പരിഗണിച്ച് ഷൗക്കത്തിനായിരുന്നു മേല്‍ക്കൈ. നിലമ്പൂരില്‍ തര്‍ക്കം മുറുകിയപ്പോള്‍ ടി. സിദ്ദിഖിനെ സമവായ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രമമുണ്ടായി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിഭീഷണി മുഴക്കിയാണ് പ്രകാശ് ഈ നീക്കത്തെ പ്രതിരോധിച്ചത്. തര്‍ക്കം മുറുകിയപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരളത്തില്‍ നടത്താന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്റ് ലിസ്റ്റ് മടക്കി. ഇതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇരുവരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തി ചര്‍ച്ച നടത്തി.
രണ്ടാം തവണയും സീറ്റില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലെന്ന വൈകാരിക നിലപാടാണ് പ്രകാശ് മുന്നോട്ടുവെച്ചത്. പകരം സീറ്റായി നിര്‍ദ്ദേശിച്ച പട്ടാമ്പി വേണ്ടെന്നും മത്സരിക്കുന്നെങ്കില്‍ അഞ്ചു വര്‍ഷം സജീവമായ നിലമ്പൂര്‍ മതിയെന്നും ഷൗക്കത്തും നിലപാടെടുത്തു. ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വം നിലമ്പൂരില്‍ പ്രകാശ് മതിയെന്ന നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് പ്രകാശിന് നിലമ്പൂര്‍ സീറ്റും ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനവുമെന്ന ഫോര്‍മുലയുമുണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടൊപ്പം ഡി.സി.സി പ്രസിഡന്റ് സ്ഥാന പ്രഖ്യാപനവും ഉണ്ടാകുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല. ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയാല്‍ ലീഗിന് വഴങ്ങില്ലെന്ന ആശങ്കയില്‍ ലീഗ് നേതൃത്വം ഈ തീരുമാനത്തില്‍ അതൃപ്തിയുമായി രംഗത്തെത്തുകയായിരുന്നു.
മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്ത് രണ്ടാം ആര്യാടന്‍ വളരുന്നതിന് വഴിയൊരുക്കേണ്ട എന്ന നിലപാടായിരുന്നു ലീഗ് നേതൃത്വത്തിന്. മലപ്പുറത്ത് വി.വി പ്രകാശ് ലീഗിന് വിധേയമായാണ് പ്രവര്‍ത്തിച്ചിരുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ലീഗിന് കീഴടങ്ങുകയായിരുന്നു. ലീഗ് ദുര്‍ബലമായ ഇടങ്ങളില്‍ പോലും കോണ്‍ഗ്രസ് മുസ്ലിം ലീഗിന് പ്രാതിനിധ്യം നല്‍കുമ്പോള്‍ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ പോലും ലീഗ് ഇതുവരെ തയ്യാറായിട്ടില്ല. ആര്യാടന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറിയതോടെ മലപ്പുറത്ത് മുന്‍ മന്ത്രി എ.പി അനില്‍കുമാറും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ലീഗിന് കീഴടങ്ങിയുള്ള പ്രവര്‍ത്തനമാണെന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്.
മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വത്തെ എന്നും വെല്ലുവിളിച്ചാണ് ആര്യാടന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. മുസ്ലിം ലീഗ് അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആത്മീയ നേതാവല്ല രാഷ്ട്രീയ നേതാവാണെന്നും രാഷ്ട്രീയ നേതാവാകുമ്പോള്‍ വിമര്‍ശന വിധേയനാകുമെന്നും തുറന്നടിച്ചത് ആര്യാടനാണ്. തങ്ങളല്ല സോണിയാ ഗാന്ധിയാണ് തന്റെ നേതാവെന്ന ആര്യാടന്റെ പ്രസ്താവന ലീഗ് നേതൃത്വത്തെ പൊള്ളിച്ചിരുന്നു. മലപ്പുറത്ത് ലീഗിനെതിരെ കൊമ്പ് കോര്‍ത്തുള്ള ആര്യാടന്റെ സാന്നിധ്യമാണ് കാന്തപുരം എ.പി സുന്നി വിഭാഗത്തെ കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനൊപ്പം നിര്‍ത്തിയിരുന്നത്. ലീഗ് വിരുദ്ധ നിലപാടുള്ള എ.പി സുന്നി വിഭാഗം കോണ്‍ഗ്രസ് മത്സരിക്കുന്നിടങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.
എന്നാല്‍ മലപ്പുറത്ത് കോണ്‍ഗ്രസ് ലീഗിന്റെ ബി ടീമായതോടെ കാന്തപുരം സുന്നി വോട്ടുകള്‍ കൂട്ടത്തോടെ ഇടതുപാളയത്തില്‍ എത്തിയ അവസ്ഥയാണുള്ളത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സാമുദായിക പ്രാതിനിധ്യം തകര്‍ത്ത് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയപ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചത് ആര്യാടന്‍ മുഹമ്മദാണ്. എന്‍.എസ്.എസും ക്രൈസ്തവ സഭാനേതൃത്വങ്ങളും ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അഞ്ചാം മന്ത്രിക്ക് വില നല്‍കേണ്ടി വരിക കോണ്‍ഗ്രസാണെന്നും ഇങ്ങിനെയെങ്കില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകുമെന്ന മുന്നറിയിപ്പും ആര്യാടന്‍ നല്‍കിയിരുന്നു.
സംസ്‌ക്കാര സാഹിതി ചെയര്‍മാനെന്ന നിലയില്‍ മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി തെരുവുനാടകങ്ങളുമായി 5 കലാജാഥകള്‍ നടത്തിയ ആര്യാടന്‍ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റായാല്‍ മലപ്പുറം ഡി.സി.സിക്ക് പുതുജീവന്‍ ലഭിക്കുമെന്നും അത് ലീഗിന് തലവേദനയാകുമെന്ന ആശങ്കയാണ് ലീഗ് നേതൃത്വത്തിനുള്ളത്. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനുമായി മികച്ച പ്രവര്‍ത്തനം നടത്തി നിലമ്പൂരിനെ ദേശീയ തലത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയത് ഷൗക്കത്താണ്. സിനിമാ തിരക്കഥാകൃത്തെന്ന നിലയില്‍ പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ മൂന്ന് സിനിമകള്‍ക്ക് സംസ്ഥാന ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണം നടത്തുന്ന ഷൗക്കത്തിന്റെ വര്‍ത്തമാനം സിനിമ ഇപ്പോള്‍ പ്രദര്‍ശനം തുടരുകയാണ്.
മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ ശക്തമായ നിലപാടെടുക്കുകയും സിനിമകളെടുക്കുകയും ചെയ്ത ഷൗക്കത്ത് അതേ രീതിയില്‍ സംഘപരിവാര്‍ അശയങ്ങളെയും എതിര്‍ക്കുന്നത് മുസ്ലിം ചെറുപ്പക്കാരുടെ പിന്തുണയും സ്വന്തമാക്കുമെന്ന ആശങ്ക മുസ്ലിം ലീഗിനുണ്ട്. ഈ ഭീതിയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തടയാന്‍ ലീഗ് നേതൃത്വം ചരടുവലിക്കുന്നതിനു പിന്നില്‍. സീറ്റ് ലഭിക്കാത്തതിന് തലമുണ്ടനം ചെയ്യാനും ആത്മഹത്യാഭീഷണി മുഴക്കാനും ഇല്ലെന്നും ഒരു സ്ഥാനം ലഭിച്ചില്ലെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നുമുള്ള ആര്യാടന്‍ ഷൗക്കത്തിന്റെ പ്രസംഗം ആവേശത്തോടെയാണ് മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുന്നത്.
ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കുന്ന ഫോര്‍മുലയെ തള്ളിപ്പറഞ്ഞ് മുന്‍ മന്ത്രി എ.പി അനില്‍കുമാറിനൊപ്പം നില്‍ക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ്കുഞ്ഞി രംഗത്തെത്തിയപ്പോള്‍ അതിരൂക്ഷമായാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചത്. പാര്‍ട്ടിയില്‍ സ്ഥാനം ലഭിക്കാന്‍ വിവിധ ഹോട്ടലുകളില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത് മുഹമ്മദ് കുഞ്ഞിയെ ഓര്‍മ്മിപ്പിച്ചാണ് ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലിയും വാര്‍ത്താസമ്മേളനം നടത്തിയത്. 15 വര്‍ഷം ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ്കുഞ്ഞിയെ തള്ളിപ്പറഞ്ഞ് ആര്യാടന്‍ ഷൗക്കത്ത് ഡി.സി.സി പ്രസിഡന്റാകുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
എ.കെ ആന്റണിയും കെ.കരുണാകരന്റെ നോമിനിയായി വലയാര്‍ രവിയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് മലപ്പുറം. കോട്ടയം കഴിഞ്ഞാല്‍ എ വിഭാഗത്തിന് ശക്തമായ അടിത്തറയുള്ള മലപ്പുറത്ത് ലീഗിനെതിരെ പോര്‍മുഖം തുറന്നാണ് കോണ്‍ഗ്രസ് വളര്‍ന്നത്. ആര്യാടന്‍ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കാതെ ഒതുക്കുന്നത് നിലമ്പൂരില്‍ വി.വി പ്രകാശിന്റെ ജയസാധ്യതക്കും മങ്ങലേല്‍പ്പിക്കുകയാണ്. ആര്യാടന്‍ ഷൗക്കത്ത് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വൈകാരിക പ്രസംഗത്തോടെ വി.വി പ്രകാശിന് വോട്ടു ചോദിച്ചെങ്കിലും ഷൗക്കത്തിനെ പിന്തുണക്കുന്ന വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രവര്‍ത്തനരംഗത്തിറങ്ങിയിട്ടില്ല.