Aryadan-shoukat-facebook-posts

മലപ്പുറം: രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ മാതൃഭൂമി പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമിയുടെ സൈബര്‍ ആക്രമണം.

വ്യക്തിഹത്യ നടത്താതെ ആശയസംവാദത്തിന് വെല്ലുവിളിച്ച് ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയതോടെ വിവാദം കത്തിപ്പടരുകയാണ്.

ഒക്ടോബര്‍ അഞ്ചിലെ മാതൃഭൂമി പത്രത്തിലാണ് ‘വേണ്ടത് മതഭരണകൂടമല്ല മതേതരജനാധിപത്യം’ എന്ന പേരില്‍ ആര്യാടന്‍ ഷൗക്കത്ത് ലേഖനം എഴുതിയത്. അന്നത്തെ ചാനല്‍ ചര്‍ച്ചയിലും ഐ.എസിന്റെ മതരാഷ്ട്രവാദത്തിന്റെ ആശയ അടിത്തറ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ സ്ഥാപകന്‍ അബുല്‍ അഹ്‌ല മൗദൂദിയുമാണെന്ന് മൗദൂദിയുടെ പുസ്തകം ഉദ്ധരിച്ച് ഷൗക്കത്ത് സമര്‍ത്ഥിച്ചിരുന്നു. ഇതോടെയാണ് ജമാഅത്തെ ഇസ്‌ലാമി ഷൗക്കത്തിനെതിരെ ട്രോളുകളും കമന്റുകളുമായി സൈബര്‍ യുദ്ധം ആരംഭിച്ചത്.

ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ഷേക്ക് മുഹമ്മദ് കാരക്കുന്ന് മുതല്‍ എസ്.ഐ.ഒ നേതാക്കള്‍വരെ രംഗത്തെത്തി. ഇതോടെ ഷൗക്കത്ത് വ്യക്തിഹത്യയല്ല, ജമാഅത്തെ ഇസ്‌ലാമി ആശയസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളി നടത്തുകയായിരുന്നു. ഇതിനിടെ ഷൗക്കത്തിനെ പിന്തുണച്ച് ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തുള്ള ഷൗക്കത്ത് 13 ന് നാട്ടിലെത്തിയ ശേഷം സംവാദത്തിന്റെ സമയം ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഐ.ഒക്കും തന്നെ തീരുമാനിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ഷേക്ക് മുഹമ്മദ് കാരക്കുന്നു തന്നെ സംവാദത്തിനും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയെ സംവാദത്തിനു ക്ഷണിച്ച് ആര്യാടന്‍ ഷൗക്കത്തിന്റെ വിവിധ ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ്ണ രൂപം ചുവടെ…

വ്യക്തിഹത്യയല്ല…ആശയ സംവാദത്തിന് ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോ ..???

ഇന്നലെ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ വേണ്ടത് മത ഭരണകൂടമല്ല, മതേതര ജനാതിപത്യം ‘ എന്ന എന്റെ ലേഖനത്തിലും മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചയിലും ഇന്നത്തെ മതഭീകര സംഘടനകള്‍ക്ക് ആശയ ബലം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അഹ്‌ലാ മൗദൂദിപുസ്തകങ്ങളാണ് എന്ന്, വരികള്‍ ഉദ്ധരിച്ചു രേഖാമൂലം അവതരിപ്പിച്ചിരുന്നു. ഇത് ജമാഅത്തെ ഇസ്‌ലാമി സുഹൃത്തുക്കളെ വല്ലാതെ ചൊടിപ്പിച്ചു എന്ന് ഫേസ് ബുക്ക് കമന്റ്റുകളിലെ തെറി വിളികളില്‍ നിന്ന് വ്യക്തമാവുന്നു.

എത്ര ചൊടിച്ചാലും ആര്‍ക്കൊക്കെ അപ്രിയമായാലും, ഇതിന്റെ പേരില്‍ എന്നെ എത്ര വ്യക്തിഹത്യ നടത്തിയാലും ഈ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതില്‍ നിന്ന് എനിക്ക് പിന്‍തിരിയാനാവില്ല എന്ന് എന്റെ ജമാഅത്തെ സുഹൃത്തുക്കളെ അറിയിക്കുന്നു .

ഒരു മത ദര്‍ശനത്തെ വികലമാക്കി അവതരിപ്പിച്ചു മനുഷ്യരെ പരസ്പ്പരം പോരടിപ്പിക്കാന്‍ അനുവദിച്ചുകൂടാ. ‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ‘ എന്ന രൂപത്തിലാണ് ഇവരുടെ പ്രതികരണങ്ങള്‍.
അബുല്‍ അഹ്‌ലാ മൗദൂദി തന്റെ പുസ്തകങ്ങളായ ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം’ ‘മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വീക വിശകലനം’ തുടങ്ങി നിരവധി പുസ്തകങ്ങളിലൂടെ ഭീകരവാദ പ്രസ്ഥാനങ്ങളെ ആശയപരമായി ആയുധമണിയിക്കുന്ന തത്വസംഹിതയാണ് അവതരിപ്പിക്കുന്നത്. ഈ പുസ്തകങ്ങളാണ് ഞാന്‍ ഉദ്ധരിച്ചത്.

ഇതിനു മറുപടി പറയാതെ കോണ്‍ഗ്രസ്സ് ഓഫീസിലെ സംഭവങ്ങളും , കുഞ്ഞാലിയുടെ വധക്കേസും പറഞ്ഞു തടിതപ്പാന്‍ നോക്കുന്ന ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ ആശയ ദാരിദ്ര്യം അതിദയനീയമായി പുറത്തുവരികയാണ്. എന്നിട്ടും കലിതീരാതെ ജമാഅത്തുകാര്‍ ‘ബ…’ ‘ബ്ബ…’ ‘ബ്ബ…’ പറഞ്ഞു ‘പാഠം ഒന്ന് ഒരു വിലാപത്തിലേക്കും’ ‘ദൈവനാമത്തിലേക്കും’ പോയി പുതിയ സിനിമാ നിരൂപണവും നടത്താന്‍ തുടങ്ങി. വിമര്‍ശിക്കാന്‍ ആണെങ്കിലും സിനിമയൊന്നു കണ്ടിരുന്നെങ്കില്‍…

ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവായ ഷൈക്ക് മുഹമ്മദ് കാരക്കുന്നിന്റെ ഒരു വീഡിയോ രംഗത്തു വന്നിരിക്കുന്നു. ഞാന്‍ വിമര്‍ശിച്ചതിന് മറുപടി പറയേണ്ടതിനു പകരം ‘ദൈവനാമത്തില്‍’ എന്ന എന്റെ സിനിമയില്‍ കാണിച്ചു എന്ന് പറഞ്ഞു മൗദൂദിയുടെ മറ്റൊരു പുസ്തകം എടുത്തുകാട്ടി എന്തൊക്കെയോ പറയാനാണ് അദ്ദേഹം ശ്രമിച്ചത് .

ഞാന്‍ ഇന്നലെ പരാമര്‍ശിച്ച മൗദൂദിയുടെ ഉദ്ധരണികള്‍ പൊതു ചര്‍ച്ചക്കുവേണ്ടി ഒന്നു കൂടി ആവര്‍ത്തിക്കുന്നു..
‘മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ ആനെ പിറകോട്ടുവലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിനും നടത്തിപ്പിനും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുരൂപനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും’

( പേജ് 35 മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം- അബുല്‍ അഹ്‌ലാ മൗദൂദി).
ജനാധിപത്യ മതേതര സംവിധാനത്തെ നിരാകരിക്കുക മാത്രമല്ല അതിനെ നിഷ്‌കാസനം നടത്തി പകരം മതഭരണകൂടം കൊണ്ടു വരണം എന്നുകൂടി മൗദൂദി പറയുന്നു-

‘ നമ്മുടെ വിരോധം കേവലം മതേതര -ദേശീയ -ജനാധിപത്യ വ്യവസ്ഥിതിയോടാണ്. അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്റേയോ, മുസല്‍മാന്റെയോ, പാശ്ചാത്യന്റേയോ പൗരസ്ത്യന്റെയോ ആരുടെ തന്നെയായാലും കൊള്ളാം. ഏതു നാട്ടില്‍ ,ഏതു ജനതയുടെ മേല്‍ ഈ ഭയങ്കര വിപത്ത് അടിച്ചേല്‍പ്പിക്കപ്പെടുന്നതായാലുംഅവിടത്തെ ദൈവദാസന്മാരെ നാം ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായിരിക്കും ആ വിപത്തിനെ കുറിച്ച് ജാഗരൂകരാകുവാന്‍ ! അതിനെ തുടച്ചുമാറ്റി ഒരു ഉത്തമ സമൂഹ്യ വ്യവസ്ഥിതി സ്ഥാപിക്കുവാന്‍

( പേജ് 23, മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം- അബുല്‍ അഹ്‌ലാ മൗദൂദി)
‘ ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം ‘ എന്ന പുസ്തകത്തില്‍ മൗദൂദിയുടെ വീക്ഷണം :-

‘ ഇസ്‌ലാമിക സ്റ്റേറ്റ് എന്നറിയപ്പെടുന്ന അര്‍ത്ഥത്തിലുള്ള ഒരു ജനാധിപത്യ രാഷ്ട്രമല്ലെന്ന് പ്രഥമ ദൃഷ്ടത്തില്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ബഹുജനങ്ങള്‍ക്ക് ആധിപത്യവും നിയമനിര്‍മ്മാണാധികാരവുമുള്ള ഒരു രാഷ്ട്രത്തെയാണല്ലോ ‘ജനാധിപത്യ രാഷ്ട്ര ‘മെന്നു സാമാന്യേന വിളിക്കുന്നത് . അവിടെ പൊതുജനാഭിപ്രായത്തിനനുസരിച്ചാണ് നിയമം രൂപം കൊള്ളുന്നതും ഭേദഗതി ചെയ്യപ്പെടുന്നതും. ജനഹിതമുണ്ടെങ്കിലേ ഏതു നിയമവും നടപ്പില്‍ വരൂ .ഇല്ലെങ്കില്‍ അത് നിയമ പുസ്തകത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെടും. എന്നാല്‍, ഈ സമ്പ്രദായം ഇസ്‌ലാമിലില്ല .അതുകൊണ്ട് ഈ അര്‍ത്ഥത്തില്‍ അതിന് ജനായത്തം എന്നു പറയാനും വയ്യ .ഇസ്‌ലാമിക സ്റ്റേറ്റിന് അനുയോജ്യമായ പേര് ‘ദൈവികരാഷ്ട്രം’ എന്നത്രെ. ദൈവീകരാഷ്ട്രത്തിന് ഇഗ്ലീഷില്‍ ‘ഥിയോക്രസി’ എന്നാണ് പൊതുവേ പറയാറുള്ളത്.. ‘

( പേജ് 33 , ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം – അബുല്‍ അഹ്‌ലാ മൗദൂദി)
ജമാഅത്തെ ഇസ്ലാമിക്കാരോട് ചില ചോദ്യങ്ങള്‍ :
1. ഈ പുസ്തകത്തിന്റെ ആദ്യ പേര് ‘ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം ‘ എന്നായിരുന്നില്ലേ ..? ഇതിലെ ഉള്ളടക്കം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശമാണെങ്കില്‍ ഈ പുസ്തകം ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ് എന്നതിന്റെ തെളിവല്ലേ ..??

2. ഇതിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ സംവീധാനങ്ങള്‍ക്ക് വിരുദ്ധവും പൂര്‍ണമായും നിരാകരിക്കുന്നതുമല്ലേ..??
4. ഇതിലെ പരാമര്‍ശങ്ങള്‍ ഒരു പൊതു ചര്‍ച്ചക്ക് ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ ..???

സംവാദത്തിന്റെ സമയം ജമാഅത്തെ ഇസ്‌ലാമിയും, എസ്.ഐ.ഒയും തീരുമാനിക്കൂ..

ആശയ സംവാദത്തിന് തയ്യാറായ തന്റെ ഫേസ്ബുക് പോസ്റ്റിനു താഴെ സംഘടിതമായി നൂറിലധികം ജമാഅത്തുകാര്‍ പ്രതികരിച്ചു. ചിലര്‍ തെറി വിളി തുടര്‍ന്നു… മറ്റു ചിലര്‍ ഭീഷണിമുഴക്കി .. വ്യക്തിപരമായ തേജോവധത്തിന് അതേ അര്‍ത്ഥത്തില്‍ മറുപടി നല്‍കാന്‍ ഞാന്‍ ആളല്ല.

ഞാന്‍ ഉദ്ധരിച്ച മൗദൂദി പുസ്തകത്തെ ( മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം ) കുറിച്ച് പരാമര്‍ശിക്കാനോ അതിലെ ആശയങ്ങളെ കുറിച്ച് സംസാരിക്കാനോ കമന്റുകളില്‍ ഇതുവരെ ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരനും തയ്യാറായിട്ടില്ല.

എന്നെ പരാമര്‍ശിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി നേതാവായ ഷേക്ക് മുഹമ്മദ് കാരക്കുന്നിന്റെ ഒരു വീഡിയോ കാണാനായി. അതുകൊണ്ട് ഷേക്ക് മുഹമ്മദ് കാരക്കുന്ന് തന്നെ ആശയ സംവാദത്തിന് തയ്യാറാവുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ അത് കണ്ടില്ല…

എന്നാല്‍ ഇന്ന് എസ്.ഐ.ഒ പ്രസിഡണ്ട് നേരിട്ടുള്ള സംവാദത്തിന് തയ്യാറാണ് എന്ന ഒരു ‘സ്‌ക്രീന്‍ഷോട്ട്’ കണ്ടു. ഏറെ സന്തോഷം തോന്നി. ഒക്ടോബര്‍ 13 -നേ ഞാന്‍ കേരളത്തിലെത്തൂ. ഒക്ടോബര്‍ 13 -ന് ശേഷം എസ്‌ഐഒ പ്രസിഡണ്ട് പറയുന്ന തീയതിയിലും, സമയത്തും സംവാദത്തിന് സന്തോഷത്തോടെ ക്ഷണിക്കുന്നു. സ്ഥലം നിലമ്പുരു തന്നെയാവട്ടെ. എസ്‌ഐഒ പ്രസിഡണ്ടിന് ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം..

ഈ സംവാദം ഇപ്പോള്‍ ജമാഅത്ത് പ്രവര്‍ത്തകരിടുന്ന കമന്റ് പോലെ ആവില്ലെന്ന് പ്രതീക്ഷിക്കുന്നു. തെറിവിളികളും വ്യക്തിഹത്യയും നിങ്ങള്‍ക്ക് എപ്പോഴും ആവാമല്ലോ…ഞാന്‍ പരാമര്‍ശിച്ച പുസ്തകങ്ങളെയും, ആശയങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള സംവാദമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.എന്റെ മാന്യ സുഹൃത്തുക്കള്‍ സമയവും തീയതിയും അറിയിക്കും എന്ന പ്രതീക്ഷയോടെ…

കൂട്ടത്തില്‍ നേരിട്ടുള്ള ഈ സംവാദം നടക്കുന്നത് വരെയുള്ള പൊതു ചര്‍ച്ചക്ക് വേണ്ടി ഇതേ പുസ്തകത്തിലെ ഒരു ഉദ്ധരണി കൂടി..

മതേതരത്വം, ദേശീയത ,ജനാതിപത്യം എന്നിവക്കെതിരെ സമരം ചെയ്യാന്‍ അബുല്‍ അഹ്‌ലാ മൗദൂദിയുടെ ആഹ്വാനം..

‘ നമ്മുടെ പക്ഷത്തില്‍ പ്രസ്തുത മൂന്നു തത്വങ്ങളും അബദ്ധജടിലങ്ങളാണ്. അബദ്ധജടിലങ്ങളെന്നു മാത്രമല്ല, മനുഷ്യനിന്നു അടിപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്യസിക്കുന്നുണ്ട്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴു ശക്തിയുപയോഗിച്ചു അവക്കെതിരെ സമരം നടത്തിയേ തീരൂ ..’
( പേജ് 15 , മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം- അബുല്‍ അഹ്‌ലാ മൗദൂദി)

Top