മലപ്പുറം: പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ വീടുപണി പൂര്‍ത്തിയാകാതെ താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ മഴവരുമ്പോളുള്ള ദുരിതമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്തിനോട് പങ്കുവെച്ചത്. ഫണ്ടു വാങ്ങിനല്‍കാന്‍ ഒപ്പമുണ്ടാകുമെന്നും ജയിച്ചാലും തോറ്റാലും മഴകൊള്ളാതെ കഴിയാനുള്ള സൗകര്യമൊരുക്കുമെന്നുമായിരുന്നു ഷൗക്കത്ത് നല്‍കിയ ഉറപ്പ്.
തിരഞ്ഞെടുപ്പില്‍ വിജയം കൈവിട്ടെങ്കിലും വാക്കുപാലിച്ച് ഷൗക്കത്ത് കോളനിയിലെത്തി. താല്‍ക്കാലിക ഷെഡ്ഡില്‍ കഴിയുന്ന മുഴുവന്‍പേര്‍ക്കും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരില്‍ ടാര്‍പോളിന്‍ ഷീറ്റുകളും നല്‍കി.
കോളനിയിലെ 33 കുടുംബങ്ങള്‍ക്ക് ഐ.ടി.ഡി.പി വീടുപണിക്കനുവദിച്ച തുകയുടെ രണ്ടാം ഗഡു നല്‍കിയിരുന്നില്ല. ഇതോടെ പലരുടെയും വീടുപണി നിലച്ചിരുന്നു. വീടുപണിയെത്തുടര്‍ന്ന് താല്‍ക്കാലിക ഷെഡിലേക്കു മാറിയവരാണ് ദുരിതത്തിലായത്. മഴക്കാലം വരുന്നതോടെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയേണ്ട ദുരിതമായിരുന്നു ഇവര്‍ക്ക്. കോളനിക്കാരുടെ ദുരിതാവസ്ഥമനസിലാക്കിയാണ് താല്‍ക്കാലിക ഷെഡ്ഡില്‍ കഴിയുന്ന മുഴുവന്‍ പേര്‍ക്കും ടാര്‍പോളിന്‍ ഷീറ്റുകള്‍ നല്‍കിയത്.
വീടുപണിക്കനുവദിച്ച തുക ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ അറിയിച്ചതായി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വിതരണം വൈകുകയാണെങ്കില്‍ കോളനിക്കാര്‍ക്കൊപ്പം കോണ്‍ഗ്രസും സമരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് വീടിനുള്ള പണം തേടി ആദിവാസികള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ സമരം ചെയ്തിരുന്നു. പിന്തുണയുമായി സ്ഥാനാര്‍ത്ഥികള്‍വരെ രംഗത്തെത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരെല്ലാം കോളനിക്കാരെ മറന്നു.
വിതരണ ചടങ്ങില്‍ കോണ്‍ഗ്രസ് അമരമ്പലം മണ്ഡലം പ്രസിഡന്റ് വി.പി അബ്ദുല്‍കരീം, കെ. സുരേഷ്ബാബു, കേമ്പില്‍ രവി, ടി. ശിവദാസന്‍, ടി.പി ഹംസ, കെ.ടി അലവി, യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ നാസര്‍ബാന്‍ എന്നിവര്‍ സംബന്ധിച്ചു.