നിലമ്പൂര്‍: സി.പി.എമ്മിന്റെ ത്രിപുരയും ബി.ജെ.പിയുടെ മധ്യപ്രദേശും മാതൃകയാക്കിയ വികസനമാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നടപ്പാക്കിയതെന്ന് മുന്‍ കേന്ദ്ര മന്ത്രി ഡോ. ശശി തരൂര്‍ എം.പി.
താന്‍ കേന്ദ്ര മന്ത്രിയായിരിക്കെ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ 40 വയസുവരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് നേടിക്കൊടുത്ത പദ്ധതിയെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചിരുന്നു.
സി.പി.എം ഭരിക്കുന്ന ത്രിപുരയിലെയും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെയും അടക്കം നിരവധി മന്ത്രിമാരാണ് ഈ നിലമ്പൂര്‍ മോഡല്‍ അവരുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഷൗക്കത്തിനെ സമീപിച്ചത്. വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ഷൗക്കത്ത് നിയമസഭയിലെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്യാടന്‍ ഷൗക്കത്തിന്റെ കരുളായി പഞ്ചായത്ത് പ്രചരണ പര്യടനം മുല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശശി തരൂര്‍.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അക്രമരാഷ്ട്രീയവും ഹര്‍ത്താലും വികസന മുരടിപ്പുമാണ് സി.പി.എം അധികാരത്തിലേറിയാല്‍ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജീവ്ഗാന്ധി കംപ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ കംപ്യൂട്ടര്‍ തൊഴിലില്ലാതാക്കുമെന്ന് പറഞ്ഞ് അത് തല്ലിത്തകര്‍ത്തവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. അവര്‍ക്ക് തെറ്റു തിരുത്താന്‍ 15 വര്‍ഷം വേണ്ടിവന്നെന്നും ശശി തരൂര്‍ പറഞ്ഞു.
പി.വി അബ്ദുല്‍വഹാബ് എം.പി, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, യു.ഡി.എഫ് ചെയര്‍മാന്‍ ഇസ്മയില്‍ മൂത്തേടം, എന്‍.എ കരീം, എ.ഗോപിനാഥ്, ഇ.കെ അസൈനാര്‍, കെ. ശ്രീകുമാര്‍, വി.പി സൂര്യനാരായണന്‍, ടി.പി സിദ്ദിഖ്, ഇഖ്ബാല്‍ മുണ്ടേരി, ജോജി കെ. അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.