Aryadan shoukath-amir khan-indiatoday-nilambur

മലപ്പുറം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും സിനിമാ വഴി പഞ്ചായത്തും നഗരസഭയും കടന്ന് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിലെ യു.ഡി.എഫ് നിയമസഭാ സ്ഥാനാര്‍ത്ഥി.

നിലമ്പൂര്‍ കല്ലായി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ലീഡറായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ തുടക്കം. ഗവണ്‍മെന്റ് മാനവേദന്‍ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ സ്‌കൂള്‍ ലീഡറായി തിളങ്ങി. കെ.എസ്.യു താലൂക്ക് സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീഡിഗ്രി പഠനത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലേക്ക്. ഡിഗ്രി പഠനം മമ്പാട് എം.ഇ.എസില്‍. രാഷ്ട്രീയത്തിനൊപ്പം കലയും സിനിമയുമടക്കം സാംസ്‌കാരിക രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഷൗക്കത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, കേരളദേശീയ വേദി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

നിലവില്‍ കെ.പി.സി.സി അംഗവും കെ.പി.സി.സി സാംസ്‌ക്കാരിക വിഭാഗമായ സംസ്‌ക്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സിയുടെ രാജീവ്ഗാന്ധി പഞ്ചായത്തീരാജ് സംഘധന്‍ ദേശീയ കണ്‍വീനറുമാണ്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വടവൃക്ഷമായി വളര്‍ന്ന പിതാവ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തണലില്‍ നില്‍ക്കാതെ സിനിമാ, സാംസ്‌ക്കാരിക രംഗങ്ങളിലും രാഷ്ട്രീയത്തിലും വേറിട്ട വഴികളാണ് ഷൗക്കത്ത് തിരഞ്ഞെടുത്തത്. പാഠം ഒന്ന് ഒരു വിലാപം എന്ന ആദ്യ സിനിമക്ക് മികച്ച സിനിമക്കും കഥക്കുമുള്ള സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടി തിളങ്ങി നില്‍ക്കുമ്പോഴാണ് 2005ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചത്.

ദേശീയ അവാര്‍ഡുവാങ്ങി നില്‍ക്കുമ്പോള്‍ നിയമസഭയോ പാര്‍ലമെന്റോ നോക്കാതെ പഞ്ചായത്തില്‍ മത്സരിക്കുന്നത് വിഢിത്തരമാണെന്ന് പലരും വിലക്കി. സുഹൃത്തായ പ്രശസ്ത സംവിധായകന്‍ ജയരാജും പഞ്ചായത്തില്‍ തുടങ്ങിയാല്‍ പ്രാദേശിക നേതൃത്വത്തില്‍ ഒതുങ്ങിപ്പോകില്ലേ എന്ന ആശങ്കയും പങ്കുവെച്ചു. എന്നാല്‍ നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഷൗക്കത്ത് പഞ്ചായത്തിലേക്കു മത്സരിച്ച് നിലമ്പൂരിന്റെ പഞ്ചായത്ത് പ്രസിഡന്റായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് ‘ദൈവനാമത്തില്‍’ എന്ന രണ്ടാമത്തെ സിനിമ എടുത്തത്. സുഹൃത്തായ ജയരാജ് തന്നെയായിരുന്നു സംവിധായകന്‍. ദൈവനാമത്തിലിന് മികച്ച ദേശീയോദ്ഗ്രഥന സിനിമക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചു. ജയരാജും ഷൗക്കത്തും ഒന്നിച്ചായിരുന്നു അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ പോയത്. അവാര്‍ഡ് വാങ്ങി ഷൗക്കത്ത് നേരെ പോയത് വിജ്ഞാന്‍ ഭവനില്‍ മാനവവിഭവശേഷി വകുപ്പിന്റെ ദേശീയ സെമിനാറില്‍ നിലമ്പൂരില്‍ എല്ലാവര്‍ക്കും നാലാം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസം നേടിക്കൊടുത്ത ജ്യോതിര്‍ഗമയ പദ്ധതിയക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാനാണ്. അന്നാണ് പണ്ട് ഷൗക്കത്ത് പഞ്ചായത്തില്‍ മത്സരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് ജയരാജ് തുറന്നു സമ്മതിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തന്നെ ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന മൂന്നാമത്തെ സിനിമക്കും സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.

പഞ്ചായത്ത് കാലാവധി കഴിഞ്ഞപ്പോള്‍. നിലമ്പൂര്‍ പുതിയ മുനിസിപ്പാലിറ്റിയായിമാറി. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസിന് വേറൊരാളെ തിരയേണ്ടി വന്നില്ല. അങ്ങിനെ നിലമ്പൂരിന്റെ അവസാനത്തെ പഞ്ചായത്ത് പ്രസിഡന്റും ആദ്യ നഗരസഭാ ചെയര്‍മാനുമെന്ന അപൂര്‍വ്വ നേട്ടവും ഷൗക്കത്തിനു സ്വന്തമായി.

പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായ പത്തു വര്‍ഷം കൊണ്ട് നിലമ്പൂര്‍ മോഡല്‍ എന്ന ജനപക്ഷ വികസനം മുന്നോട്ടുവെക്കാനായതാണ് ഷൗക്കത്തിന്റെ വലിയ നേട്ടം. ദേശീയ, രാജ്യാന്തര തലങ്ങളില്‍വരെ നിലമ്പൂര്‍ മോഡല്‍ വികസനം ചര്‍ച്ചയായി. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, സ്വിറ്റ്‌സര്‍ലണ്ട്, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇന്ത്യയുടെ പ്രതിനിധിയായി നിലമ്പൂര്‍ മോഡല്‍ അവതരിപ്പിക്കാന്‍ ഷൗക്കത്തിനു കഴിഞ്ഞു.

കൊറിയന്‍ സര്‍ക്കാരിന്റെ ദേശീയ ടെലിവിഷന്‍ ചാനലായ കെ.ബി.സി (കൊറിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ) നിലമ്പൂരിലെത്തി നിലമ്പൂര്‍ മോഡല്‍ വികസനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരിച്ചു. ഇന്ത്യാടുഡേ രാജ്യത്തെ വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖ യുവ പ്രതിഭകളില്‍ ഒരാളായി ഷൗക്കത്തിനെ തിരഞ്ഞെടുത്തു. അമീര്‍ഖാന്റെ ടെലിവിഷന്‍ പോഗ്രാമായ സത്യമേവ ജയതേയിലും നിലമ്പൂരിലെ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ പ്രശംസക്കു പാത്രമായി.

ഇന്ത്യയില്‍ ആദ്യമായി എല്ലാവര്‍ക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസമുള്ള പഞ്ചായത്തായി നിലമ്പൂരിനെ മാറ്റി, സ്ത്രീധനരഹിത ഗ്രാമം, നഗരസഭയില്‍ സ്വന്തമായി സ്ഥലമുള്ള എല്ലാവര്‍ക്കും വീടു നല്‍കിയ പദ്ധതി, ആരെയും പട്ടിണിക്കിടാത്ത വിശപ്പുരഹിത നഗരം, ദലിത്, ആദിവാസി കോളനികളില്‍ മുഖ്യധാരയിലേക്കെത്തിച്ച ഒപ്പത്തിനൊപ്പം പദ്ധതി, കോളനികളിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ട്യൂഷനും, 35 വയസുവരെയുള്ള എല്ലാവര്‍ക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത പദ്ധതി, പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കെല്ലാം പ്ലസ്ടു, പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ക്ക് പഠനത്തിലൂടെ തൊഴില്‍ നല്‍കുന്ന കമ്യൂണിറ്റി കോളേജ്, സൗജന്യ കിഡ്‌നി ഡയാലിസിസ് സെന്റര്‍, സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സായിപ്പന്‍മാരെ കൊണ്ടുവന്ന വിചിത്ര നടപടി എന്നിവ നിലമ്പൂരിന് പുതിയ അനുഭവമായിരുന്നു.

സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മാനവേദന്‍ സ്‌കൂളിനെ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. കേരളത്തിലെ 56 നിയമസഭാ മണ്ഡലങ്ങളിലാണ് നിലമ്പൂരില്‍ വിജയകരമാക്കിയ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന ഷൗക്കത്ത് കോണ്‍ഗ്രസിലെ വേറിട്ട ശബ്ദമാണ്.

35 വര്‍ഷം നിലമ്പൂരിന്റെ എം.എല്‍.എയായ നിലമ്പൂരുകാരുടെ കുഞ്ഞാക്കയായ ആര്യാടന്‍ മുഹമ്മദിന്റെ പിന്‍ഗാമിയാകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുമ്പോള്‍ പണ്ട് പഞ്ചായത്തിലേക്കു മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ച ഉത്സാഹത്തോടെയാണ് നിലമ്പൂരുകാരുടെ ബാപ്പുട്ടിയായ ആര്യാടന്‍ ഷൗക്കത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ഭാര്യ മുംതാസ് ബീഗം. മക്കള്‍; ഓഷിന്‍ സാഗ, ഒവിന്‍ സാഗ, ഒലിന്‍സാഗ.

Top