ദുബായ്: സാമൂഹ്യ മുന്നേറ്റത്തിനു വഴിതെളിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടുമനസിലാക്കാന്‍ കേരളത്തിലെത്താന്‍ പാക് പ്രതിനിധി സംഘം സന്നദ്ധത അറിയിച്ചു.
വിലങ്ങുതടിയായ ഇന്തോ-പാക് വിസ പ്രശ്‌നം പരിഹരിക്കുകയാണെങ്കില്‍ ഉടന്‍ സന്ദര്‍ശനം നടത്താനുള്ള സന്നദ്ധതയാണ് പാക് സംഘം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് വിസ പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘ തലവനായ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ എം.പി പറഞ്ഞു. പാക്കിസ്ഥാനിലെ തദ്ദേശ ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അവിടെ സന്ദര്‍ശനം നടത്താനുള്ള താല്‍പര്യം ഇന്ത്യന്‍ സംഘവും പങ്കുവെച്ചു.
ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ഇസ്‌ലാമാബാദ് ആസ്ഥാനമായ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്റ് ട്രാന്‍സ്‌പെരന്‍സി ( പില്‍ഡാറ്റ്) എന്നിവര്‍ ചേര്‍ന്ന് ദുബായിലെ ദെയ്‌റ സിറ്റി സെന്ററില്‍ഒരുക്കിയ ചര്‍ച്ചയിലാണ് തദ്ദേശ വികസനത്തിലെ നേട്ടങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ തീരുമാനമായത്.
അഴിമതിരഹിത സദ്ഭരണം നടപ്പാക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ താരങ്ങളായത് ഇന്ത്യന്‍ സംഘത്തിലെ വി.ഡി സതീശന്‍ എം.എല്‍.എയും ആര്യാടന്‍ ഷൗക്കത്തുമാണ്. ഗൃഹപാഠം ചെയ്ത് തന്‍മയത്വത്തോടെയാണ് ഇരുവരും വിഷയം അവതരിപ്പിച്ചത്.
മുന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ നടപ്പാക്കിയ സ്ത്രീധനരഹിത ഗ്രാമം പദ്ധതി, എല്ലാവര്‍ക്കും നാലാം ക്ലാസ്, 35 വയസുകഴിഞ്ഞവര്‍ക്കെല്ലാം പത്താം ക്ലാസ്, എല്ലാവര്‍ക്കും വീട് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയതാണ് വിശദീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സാമൂഹ്യ മാറ്റം നടപ്പാക്കുതും ബാലവിവാഹം ഇല്ലാതാക്കിയതും വിവരിച്ചപ്പോള്‍ പാക് സംഘം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. ബാലവിവാഹം അടക്കമുള്ളവയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കേരളത്തിലെ മലബാറും പാക്കിസ്ഥാനും സമാനമായ സാഹചര്യമായിരുന്നെന്നും സത്രീകള്‍ക്ക് തൊഴിലും ശാക്തീകരണവും നല്‍കിയ കുടുംബശ്രീ അടക്കമുള്ള പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
ഇതോടെയാണ് ഇവ നേരിട്ടു കണ്ടു മനസിലാക്കാനുള്ള താല്‍പര്യം പാക് സംഘത്തിലെ മുന്‍ പഞ്ചാബ് ഗവര്‍ണറും പാക് സുപ്രീം കോടതി മുതിര്‍ അഭിഭാഷകനുമായ ഷാഹിദ് ഹമീദ്, പാക് പാര്‍ലമെന്റ് അംഗങ്ങളായ റാണ മുഹമ്മദ് അഫ്‌സല്‍ ഖാന്‍, സയ്യിദ് നവീദ് ഖ്വമര്‍ ഷാ, നഫീസ ഷാ എന്നിവര്‍ പങ്കുവെച്ചത്.
വി.ഡി. സതീശന്‍ എം.എല്‍.എ, അഴിമതി രഹിത ഭരണ സംവിധാനം നടപ്പിലാക്കുന്നതും സുതാര്യ ഭരണം സംബന്ധിച്ചുമാണ് സംസാരിച്ചത്. ഇന്ത്യന്‍ സംഘത്തില്‍ നിന്നും 16 പേരും പാക് സംഘത്തിലെ 11പേരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങള്‍ക്കുമിടയിലും രണ്ടിടങ്ങളിലേയും ജനങ്ങളുടെ ജീവിതനിലവാരത്തില്‍ ഗുണകരമായ മാറ്റം വരുത്തുന്ന വികസന പദ്ധതികളും നേട്ടങ്ങളും പങ്കുവെക്കാനുള്ള നീക്കമാണ് ചര്‍ച്ചയിലൂടെ നടന്നത്. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ക്രോഡീകരിച്ച് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് കൈമാറുമെന്ന് ഇതിനായി വേദിയൊരുക്കിയ സി.എസ്.ഡി.എസും പില്‍ഡാറ്റും അറിയിച്ചു.