മലപ്പുറം: ‘മതവിരുദ്ധനാക്കി ആരും നേട്ടം കൊയ്യേണ്ട’ ഉംറ നടത്തി ഞെട്ടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ആര്യാടന്‍ മുഹമ്മദ്.
തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ സന്ധിയില്ലാത്ത നിലപാടെടുക്കുന്ന മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സൗദി സന്ദര്‍ശനത്തിനിടെ മസ്ജിദുല്‍ ഹറമില്‍ ഉംറ നിര്‍വ്വഹിച്ചത് ചര്‍ച്ചയാകുന്നു. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്ന നിലപാടാണ് ആര്യാടനുള്ളത്.
മതതീവ്രവാദത്തിനെതിരെ എക്കാലത്തും ശക്തമായ നിലപാടാണ് ആര്യാടന്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുന്ന പ്രായോഗിക രാഷ്ട്രീയം തള്ളി തനിക്ക് പി.ഡി.പി, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് എന്നിവരുടെ വോട്ടുവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യവും ആര്യാടന്‍ കാട്ടിയിരുന്നു.
ആര്യാടന്‍ മുസ്ലീമല്ലെന്ന പ്രചരണമാണ് ഇതിനു ബദലായി തീവ്രനിലപാടുള്ള സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ഇന്ത്യയിലെയും കേരളത്തിലെയും ഹിന്ദു രാജാക്കന്‍മാരുടെ സഹിഷ്ണുതകൊണ്ടാണ് ക്രിസ്തുമതവും ഇസ്ലാംമതവും കേരളത്തില്‍ വളര്‍ന്നു വന്നതെന്ന നിലപാടാണ് ആര്യാടന്‍ സ്വീകരിച്ചിരുന്നത്.
ഓരോ മുസ്ലീമിന്റെയും പൂര്‍വ്വപിതാക്കന്‍മാര്‍ ഹിന്ദുവാകുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ്സ് സംഘടനയായ ഒ.ഐ.സി.സിയുടെ സൗദി അറേബ്യയിലെ പരിപാടികളില്‍ പങ്കെടുക്കാനായി ഒരാഴ്ചയായി സൗദിയിലാണ് ആര്യാടന്‍.