ആര്യാടൻമാർ വന്നാൽ സ്വീകരിക്കും, പുതിയ തന്ത്രവുമായി സി.പി.ഐ.എം !

യു.ഡി.എഫിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് മലബാറിലും നേട്ടം കൊയ്യാന്‍ സി.പി.എം രംഗത്ത്. മലപ്പുറം ഡി.സി.സി അദ്ധ്യക്ഷന്‍ നിയമനവുമായി ബന്ധപ്പെട്ട് അതൃപ്തിയിലായ ആര്യാടന്‍മാര്‍ ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്. എക്‌സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗം ചുവടെ:-

ആരോപണങ്ങളാണോ, അതോ, പൊലീസ് തല തല്ലിപ്പൊളിച്ചതാണോ എന്താണ് ഏറ്റവും വലിയ വേദനയായി തോന്നുന്നത് ?

രണ്ടും അല്ല വേദനിപ്പിച്ചിട്ടുള്ളത്. കാരണം, ആരോപണങ്ങള്‍ ദുര്‍വ്യാഖ്യാനങ്ങളാണ്. വേദനയല്ല വിഷമമാണ് അത് ഉണ്ടാക്കിയത്. അറിഞ്ഞുകൊണ്ട് ഇങ്ങനെ വീണ്ടും വീണ്ടും ചെയ്യുന്നു. ഇങ്ങനെയാണോ രാഷ്ട്രീയത്തില്‍ ചെയ്യേണ്ടതെന്ന് തോന്നിച്ചിട്ടുണ്ട്.

സി.പി.എം രണ്ടു തവണ താങ്കളെ എം.എല്‍.എയാക്കി സ്പീക്കറും ആക്കി പാര്‍ട്ടിയുടെ പരിഗണനയില്‍ ഹാപ്പിയാണോ ?

നൂറ് ശതമാനവും ഹാപ്പിയാണ്. അവസരങ്ങളാണ് ആളുകളെ സൃഷ്ടിക്കുന്നത്. ഒരാള്‍ക്ക് ഒരവസരം കൊടുത്താല്‍ അയാള്‍ അത് ഉപയോഗപ്പെടുത്തിയാല്‍ ശ്രദ്ധിക്കപ്പെടും. അവസരങ്ങള്‍ കിട്ടാത്തവരുമുണ്ടാകും. ഒരുപക്ഷേ തന്നേക്കാള്‍ കഴിവുള്ളവരും കാര്യങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളവരുമായിട്ടുള്ളവര്‍ക്ക് അവസരങ്ങള്‍ കിട്ടീട്ടുണ്ടാവില്ല. എന്നേക്കാള്‍ അവസരം കിട്ടിയവരും ഉണ്ടാകാം… വേണ്ടത്ര കഴിവില്ലാത്തവരും ഉണ്ടാകാം… അവസരങ്ങളാണ് പ്രധാനം. മഹാസമുദ്രമാണ് പാര്‍ട്ടിയും പ്രസ്ഥാനവും. ആ പാര്‍ട്ടിയില്‍ തന്നേപ്പോലെ ഗ്രാമീണ അന്തരീക്ഷത്തില്‍ ജനിച്ച് സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് കൊടുക്കാവുന്ന അംഗീകരങ്ങള്‍ക്കും അവസരങ്ങള്‍ക്കും അപ്പുറം തനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഏറെ സന്തോഷവാനാണ്.

താങ്കളുടെ അടുത്ത ലക്ഷൃം എന്താണ് ?

ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കാറില്ല. പൊതുജീവിതത്തില്‍ മുഴുകി ജീവിക്കുക. പുതുമകളാണ്… പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ… രാഷ്ട്രീയത്തെയും സംഘടനകളെയും സര്‍ഗാത്മകമാക്കിക്കൊണ്ടിവരികയെന്നതാണ്, രാഷ്ട്രീയക്കാരുടെ പുതിയ ദൗത്യം. ഇപ്പോള്‍ കോവിഡ് കഴിഞ്ഞു നമുക്ക് പോസിറ്റീവായി ചിന്തിക്കാം… പോസിറ്റീവായ ചിന്തകള്‍ക്ക് വേണ്ടത്ര പ്രാധാന്യം മാധ്യമങ്ങള്‍ പോലും കൊടുക്കുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി…കേരളത്തിന്റെ ഡെവലപ്പ്‌മെന്റിന് വൈവിധ്യ പൂര്‍ണമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

കോവിഡ് മൂലം പൊതുവായി ലോകത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോഴും ചരക്ക് നീക്കം വര്‍ധിച്ചു. വില്‍പ്പനകള്‍ കൂടി. സേവനമേഖലയില്‍ അധിഷ്ഠിതമായ സമൂഹമാണ് കേരളം. കോവിഡാനന്തര സമൂഹം എന്ന നിലയില്‍ കേരളത്തിന് സംഭവിക്കാന്‍ പോകുന്നത്, സേവന മേഖലയില്‍ വിസ്‌ഫോടനാത്മകമായ ഒരു സമൂഹം വരും. പുതിയ പുതിയ യുവാക്കളുടെ കൂട്ടായ്മ വരും. അതുമുഴുവനായി ടാപ്പ് ചെയ്യാന്‍ മലയാളികള്‍ക്ക് കഴിഞ്ഞാല്‍, തൊഴില്‍ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും. കാരണം. ഇന്റര്‍നെറ്റിന്റെ വ്യാപ്തി, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍… എല്ലാറ്റിനും ഈ സേവനമേഖലകളെ ഷാര്‍പ്പെന്‍ ചെയ്യാനും സാങ്കേതികമായിട്ടതിനെ നന്നാക്കാനും സാധ്യത ഇപ്പോള്‍ വന്നിട്ടുണ്ട്. ഭക്ഷണത്തിനും മാര്‍ക്കറ്റിംഗിലും ഒക്കെ അത് വന്നു. സേവന മേഖലയിലൂടെയുള്ള തൊഴിലവസരങ്ങളുടെ പുതിയ ലോകത്തിന്റെ വാതായനങ്ങള്‍ തുറക്കുമെന്നുള്ളതാണ് കേരളത്തിന്റെ ഇനി വരാനിരിക്കുന്ന നേട്ടം. ഇങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെ ഇത്തരം സൂഷ്മമായ അന്വേഷണം നടത്തുകയും നമ്മുടെ സമൂഹത്തില്‍ വരാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുകയും അതിന്റെ മുന്‍പേ നടക്കുകയുമാണ് ഒരു പ്രധാനപ്പെട്ട കാര്യം. ഇങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്‍പേ പറക്കുന്ന പക്ഷികളാവണമെന്നാണ് എന്റെ തോന്നല്‍… അതിനു വേണ്ടി ശ്രമിക്കുക. പുതിയ ലോകത്തെയും കാലത്തെയും മനസിലാക്കാന്‍ ശ്രമിക്കുക.

മലപ്പുറം ജില്ലയിലെ ഇടതുപക്ഷത്തിന്റെ പുതിയ സാധ്യതകള്‍ എന്തൊക്കെയാണ് ?

മലപ്പുറം ജില്ല മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍, വിദ്യാസമ്പന്നരായ പുതിയതലമുറ ഇതിനെ അംഗീകരിക്കുന്നില്ല. മത അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം ഗുണം ചെയ്യില്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. മത രാഷ്ട്രീയമാണ് ഹൈന്ദവ ഫാസിസ്റ്റുകള്‍ ദേശീയ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. അത് ചെറിയ തോതിലാണെങ്കിലും ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലേക്ക് മെല്ലെ മെല്ലെ ഇപ്പോള്‍ വരുന്നുണ്ട്. ഇടതുപക്ഷമാണ് മത നിരപേക്ഷതയുടെ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഔട്ട്‌പോസ്റ്റ് കേരളത്തിലാണെന്ന് മലബാറിലും മലപ്പുറത്തുമുള്ള ന്യൂനപക്ഷങ്ങള്‍ മനസിലാക്കിയിരിക്കുന്നു. മുസ്ലിംലീഗിന്റെ രാഷ്ട്രീയ പാപ്പരത്വം ഓരോ ദിവസവും അനാവരണം ചെയ്യപ്പെട്ടകൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ് എങ്കിലും, പാണക്കാട് തങ്ങളും കുടുംബവുമായിരുന്നു ലീഗിന്റെ ആത്മീയ കവചം. ആ പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്ന് ഒരു റിവോള്‍ട്ട് വരികയെന്നത് ലീഗിന് ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. തങ്ങള്‍ കുടുംബം ലീഗിനോട് വിടപറയുന്നു… ലീഗ് നേതൃത്വത്തിനോട് വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. തങ്ങള്‍ കുടുംബം പോലും തിരസ്‌കരിക്കുന്ന മുസ്ലിംലീഗ് എങ്ങനെയാണ് ഞങ്ങള്‍ക്ക് സ്വീകാര്യമാകുകയെന്ന പ്രശ്‌നവും വരുന്നുണ്ട്. അതുപോലെ നിരവധിയായ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും ലീഗിന് അകത്തുമുണ്ട്. അതോടൊപ്പം പുതിയതലമുറയുടെ ചിന്തയും ഉണ്ട്. ഇതെല്ലാം കാണിക്കുന്നത് മുസ്ലിം ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അവസാനം കണ്ടു തുടങ്ങി എന്നു തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ മുന്നേറ്റം ഉണ്ടായി. അതുകൊണ്ട് തന്നെ, ഇടതു പക്ഷമാണ് ഞങ്ങളുടെ പക്ഷമെന്ന് മലപ്പുറം ജില്ലയിലെ പൊതു സമൂഹം തീരുമാനിക്കുന്നതിലേക്ക് ഇനി കാര്യങ്ങള്‍ എത്തും.

മുസ്ലീംലീഗലെയും അവരുടെ പോഷക സംഘടനയിലെയും അസംതൃപ്തര്‍ പാര്‍ട്ടി വിട്ടു വന്നാല്‍ സി.പി.എം സ്വീകരിക്കുമോ ?

എന്താ.. സംശയം…അവര്‍ക്കെല്ലാം വരാം… അവര്‍ക്കെല്ലാമുള്ള വിശാലമായ സ്ഥലമുണ്ട്. ഇരുകൈയ്യും നീട്ടി സ്വീകരിക്കും. അവര്‍ക്ക് എല്ലാവര്‍ക്കും സ്ഥാനമുണ്ട്. എല്ലാ വര്‍ക്കും പ്രസ്ഥാനത്തില്‍ ഇടമുണ്ട്.

കോണ്‍ഗ്രസ്സിലെ നേതൃമാറ്റത്തെ കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തല്‍ ?

അതൊരു ചേന കാര്യമാണ്… ഇവര് എന്താണ് ഈ ബഹളം ഉണ്ടാക്കുന്നത്? ആര്‍ക്കാണ് ഇതില്‍ താല്‍പര്യം?… കേരളത്തിന്റെ പൊതുസമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലുമാണോ ചര്‍ച്ച ചെയ്യുന്നത്… മോദി ഗവണ്‍മെന്റിന്റെ നയങ്ങളുടെ ഭാഗമായിട്ട് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തെങ്കിലും ബദലാണോ പറയുന്നത്… ? പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയാണോ നടക്കുന്നത്…? ഒന്നുമില്ല, ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റണമെന്ന് നാറാണത്ത് ഭ്രാന്തന്‍ പറഞ്ഞതു പോലെയുള്ള ലഹളയാണ് നടക്കുന്നത്. ഇപ്പോള്‍ കാണുന്നത് വീടുകളില്‍ പോയി ചായ കുടിക്കുന്ന നയതന്ത്രമാണ്. വിഡി സതീശന്‍ അത് നിര്‍വഹിച്ചു. അദ്ദേഹം പ്രതിപക്ഷ നേതാവാണ്, ഇതൊക്കെ എന്തിന് വേണ്ടിയാണ് ? അപഹാസ്യരാകുന്നത് എന്തിനാണ് ? ആളുകള്‍ പൊതുസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വേണ്ടി പോരാടുമ്പോള്‍, ആനക്കാര്യത്തിന്റെ ഇടയിലാണ് ഈ ചേനക്കാര്യം. ഇതും കൊണ്ട് നടന്നാല്‍, കോണ്‍ഗ്രസിന്റെ അടിത്തറയാണ് തകരുക. യുഡിഎഫ് കേരളത്തില്‍ നിന്ന് അധികം താമസിയാതെ ശിഥിലമാകും.യുഡിഎഫ് തകര്‍ന്ന് അടിഞ്ഞിരിക്കുന്നു, അതാണ് സത്യം.

കോണ്‍ഗ്രസിനകത്ത് പത്ത് വിഭാഗമാണ്… പലര്‍ക്കും പല അഭിപ്രായമാണ്. ഒരു ദര്‍ശനത്തിന്റെയോ ആശയത്തിന്റെയോ പേരിലുള്ള തര്‍ക്കം അതിനകത്ത് ഇല്ല. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വന്ന സുധാകരന്‍ പറഞ്ഞത്… ‘പിണറായിയെ ഞാന്‍ അടിച്ചുവെന്നതാണ് ‘ ഇത്തരക്കാരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ലീഗിലും ഇതാണ് അവസ്ഥ… കേരള കോണ്‍ഗ്രസ് പടല പടലയായി ജോസ് കെ മാണിടെ കൂടെ ഇടതു പക്ഷത്തേക്ക് വന്നു കഴിഞ്ഞു. ആര്‍എസ്പി ഇപ്പോള്‍ വരാനുള്ള സ്‌റ്റേറ്റ്‌മെന്റ് കണ്ടു തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് തകര്‍ന്നിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാത്തതിന്റെ പേരിലും അവരവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലും, ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്ന യുഡിഎഫിനെ ജനം

കൈയ്യൊഴിഞ്ഞുവെന്ന് അവര്‍ക്ക് തന്നെ മനസിലായതുകൊണ്ടാണ് അവര്‍ സ്വയം പിരിഞ്ഞു പോയത്. അതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്… യാദവകുലത്തെപ്പോലെ സ്വയം നമ്മള്‍ അടിച്ച് നശിക്കുമെന്നത് . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യഥാര്‍ത്ഥ കൃഷ്ണനാണ്. അതാണ് ഈ പ്രവചനം അദ്ദേഹം നടത്തിയിരിക്കുന്നത്. നല്ല പ്രവചനമാണിത്.

കോണ്‍ഗ്രസ്സിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കും എന്നാണ് കെ സുധാകരന്‍ പറയുന്നത് ? നടപ്പുള്ള കാര്യമാണോ അത് ?

കോണ്‍ഗ്രസ് ആണെങ്കില്‍ അത് നടക്കില്ല. അതൊക്കെ സുധാകരന്റെ ചില ആഗ്രഹങ്ങളാണ്. ഒരു സംഘടന ഒരാളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാന്‍ കഴിയുമോ ? എനിക്ക് അത് അറിയില്ല. അതൊക്കെ അവരുടെ കാര്യം… അതൊന്നും പ്രായോഗികമാണെന്ന് തോന്നുന്നില്ല…

ആര്യാടന്‍മാര്‍ സഹകരിക്കാന്‍ തയ്യാറായാല്‍ എന്തു നിലപാടാണ് സി.പി.എം സ്വീകരിക്കുക ?

ആര്യാടന്മാര്‍… ആര്യാട രഹിതന്മാര്‍ എന്നൊന്നുമില്ല… ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നയങ്ങള്‍ സ്വീകരിച്ചു വരാന്‍ തയാറുള്ളവരെ കൂടെച്ചേര്‍ക്കാനാണല്ലോ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ പറയുന്നത് ശരിയാണെന്ന് ബോധ്യം വന്ന് അപ്പുറത്ത് നില്‍ക്കുന്നവര്‍ ഇങ്ങോട്ട് വരാന്‍ തായാറുണ്ടെങ്കില്‍, അവരെ കൂടെ നിര്‍ത്താനാണ് പ്രവര്‍ത്തിക്കുന്നത്. അത് അവരുടെ മനമാറ്റമാണ്. വാത്മീകി മാറിയില്ലേ… അദ്ദേഹം കാട്ടാളനായിരുന്നില്ലേ… ? കാട്ടാളനായിരുന്ന വാത്മീകിയ്ക്ക് രാമായണം എഴുതാമെങ്കില്‍ ഏത് ആര്യാടന്മാരെയും നമുക്ക് സ്വീകരിക്കാം… അത് കുഴപ്പമില്ല…

മുന്‍പ് ടി.കെ ഹംസയിലൂടെ ലോകസഭ സീറ്റ് പിടിച്ചെടുത്ത് സി.പി.എം ഞെട്ടിച്ചിട്ടുണ്ട്. ആ ചരിത്രം ഇത്തവണ വീണ്ടും ആവര്‍ത്തിക്കുമോ?

ഇക്കഴിഞ്ഞ നിയമ സഭാതെരഞ്ഞെടുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോള്‍… എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. നാല് അസംബ്ലി മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. തീര്‍ച്ചയായും എല്‍ഡിഎഫിന് നല്ല വിജയ സാധ്യതയുള്ള അഥവാ എല്‍ഡിഎഫ് പിടിച്ചെടുക്കാന്‍ പറ്റുന്ന നല്ലൊരു പോരാട്ടം പൊന്നാനിയില്‍ ഇത്തവണ നടക്കും.ഞാന്‍ പ്രതീക്ഷിക്കുന്നത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നല്ല ശക്തമായ, ദൃഢതയുള്ള നിലപാടിന്റെ പേരില്‍ പൊന്നാനി പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനുള്ള എല്ലാ അവസരങ്ങളും സന്ദര്‍ഭങ്ങളും ഒത്തു ചേരുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്.

സ്പീക്കര്‍ എം.ബി രാജേഷിന്റെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗ് താരതമ്യത്തെ കുറിച്ച് എന്താണ് അഭിപ്രായം ?

സംഘപരിവാര്‍ ബഹളം വച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതൊക്കെ രണ്ടാം തരം കാര്യങ്ങളാണ്. ഭരണഘടനയുടെ അടിസ്ഥാന കാര്യങ്ങളെ അംഗീകരിക്കുകയെന്നത് ആ വ്യവസ്ഥിതിയോട് കാണിക്കേണ്ട മര്യാദയാണ്. നമ്മുടെ നിയമസഭയുടെയും പാര്‍ലമെന്റിന്റെയും നേതൃത്വ സ്ഥാനത്ത് ഇരിക്കുന്ന ആളുകള്‍… അവരോട് കാണിക്കുന്ന മര്യാദയെന്നാല്‍ ആ വ്യവസ്ഥയോട് കാണിക്കുന്ന മര്യാദയാണ്…

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞത് പിറകില്‍ നിന്ന് എന്നെ വെടിവച്ച് കൊല്ലണ്ടയെന്നാണ്. കൊല്ലുന്നെങ്കില്‍ മുന്നില്‍ നിന്നും വെടിവെച്ച് കൊല്ലണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ, എനിക്ക് കണ്ണിമൂടിക്കെട്ടി മരിക്കണ്ടാ… എന്ന് പറഞ്ഞ വിപ്ലവകാരിയാണ് ഭഗത് സിംഗ്.ഇരുവരും മരണത്തെ നേര്‍ക്കു നേര്‍നോക്കുകയും, മരണത്തിന്റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തിട്ടുള്ള ധീരന്മാരാണ്. ആ ധീരതയെയാണ് സ്പീക്കര്‍ താരതമ്യം ചെയ്തത്… അതല്ലാതെ ഭഗത് സിംഗും കുഞ്ഞഹമ്മദ് ഹാജിയും ഒന്നാണെന്നല്ല. അത് സത്യാണല്ലോ ? അതിനെയോര്‍ത്ത് എന്തിന് ആശങ്കപ്പെടണം? സാമ്രാജ്യത്തോട് പൊരുതിയിട്ട് ഞാന്‍ നേര്‍ക്കുനേര്‍ വെടിയേറ്റ് മരിക്കുമെന്ന് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞു. ഞാന്‍ തൂക്കിലേറുമ്പോള്‍ കണ്ണടയ്ക്കാതെ മരിക്കണമെന്ന് ഭഗത് സിംഗും പറഞ്ഞു. ആ താരതമ്യം ശരിയാണ്. അതില്‍ തെറ്റൊന്നുമില്ല.

ആരാണ് വാരിയം കുന്നനെ ഇപ്പോഴും ഭയപ്പെടുന്നത് ?

അത് സാമ്രാജ്യത്വത്തിന്റെ ശക്തികളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നു പറയുന്നത്. ഏതെങ്കിലും ഒരു സ്ഥലത്ത് തുടങ്ങി മറ്റൊരു സ്ഥലത്ത് അവസാനിക്കുന്ന പ്രക്രിയയായിരുന്നില്ല. അതില്‍ പലധാരകളുണ്ടായിരുന്നു. ഐഎന്‍എ രൂപീകരിച്ചപ്പോള്‍ തന്നെ സുഭാഷ് ചന്ദ്രബോസ് അതില്‍ പങ്കാളിയായിരുന്നു. ഭഗത് സിംഗിന്റെ നേതൃത്വത്തിലുള്ളവര്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വം അതില്‍ ഉണ്ടായിരുന്നു. ജന്മിത്തത്തിനെതിരായ പോരാട്ടങ്ങള്‍ ഉണ്ടായിരുന്നു. ഒരുപാട് അരുവികള്‍ ഒഴുകിയിട്ട് ഒരു മഹാനദിയായിട്ട് കുത്തികറങ്ങി മറിഞ്ഞൊഴുകുന്ന പോലെയുള്ള അനുഭവത്തിന്റെ പേരാണ് ദേശീയപ്രസ്ഥാനം. അത് ആരുടെയും സ്വന്തമല്ല. അതുകൊണ്ട് ആ ധാരയിലെ ഏറ്റവും ശക്തമായ ധാരയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസ്ഥാനം. അതിന് ചരിത്രത്തില്‍ എല്ലാക്കാലത്തും പ്രാധാന്യമുണ്ട്. അതിനെ ആര് ഭയപ്പെട്ടിട്ടും കാര്യമില്ല. ചരിത്രത്തെ തമസ്‌കരിക്കാനാവില്ല.

സഭയ്ക്ക് പുറത്തും പൊതു വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് പുതിയ സ്പീക്കര്‍ പറഞ്ഞിരിക്കുന്നത്. എന്തു തോന്നുന്നു ?

സ്പീക്കര്‍ ഒരു ഡാര്‍ക്ക് റൂമില്‍ കഴിയേണ്ടയാളല്ല. നാട്ടില്‍ നടക്കുന്ന കക്ഷി രാഷ്ട്രീയത്തിന്റെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറഞ്ഞാല്‍ ,ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ വരാം, പക്ഷേ കക്ഷി രാഷ്ട്രീയമല്ലല്ലോ രാഷട്രീയം. സമൂഹത്തിന്റെ പൊതു പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് അഭിപ്രായം പറയാന്‍ സഭാനാഥന് കഴിയണം. അദ്ദേഹം ഒരഭിപ്രായവുമില്ലാത്ത മണ്‍പ്രതിമയെപ്പോലെ ഇരിക്കുകയല്ല വേണ്ടത്. സമൂഹത്തിന്റെ ചലനങ്ങളില്‍ ഇടപെടുകയും അഭിപ്രായം പറയാന്‍ കഴിയുന്ന ഒരു ശക്തിയായി മാറാനും കഴിയണം. അതില്‍ തെറ്റില്ല.

ഈ പോക്ക് പോയാല്‍ ബി.ജെ.പിയുടെ കേരളത്തിലെ ഭാവി എന്തായിരിക്കും ?

കേരളത്തിലെ ബിജെപി സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഉള്ള ബിജെപി തന്നെ നിരവധി കഷ്ണങ്ങളാണ്. താഴെത്തട്ടില്‍ അവര്‍ക്ക് ജനപിന്തുണയില്ല. സോപ്പുകുമിളകള്‍ പോലെ ബഹളങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും, ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പടവലങ്ങ പോലെ താഴോട്ടാണ് വളര്‍ച്ച. അത് ചരിത്രത്തില്‍ നിന്ന് ചവറ്റുകൊട്ടയിലേക്ക് തന്നെ പോകും.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും കോ ലീ ബി സഖ്യം പ്രതീക്ഷിക്കുന്നുണ്ടോ? അഥവാ അങ്ങനെ സംഭവിച്ചാല്‍, അതിനെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമോ ?

അതൊക്കെയുണ്ടാവാം… ജീവന്‍ മരണ പോരാട്ടം നടക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ വേണ്ടി ആരെയും അവര്‍ പിടിക്കും… കോലീബി സഖ്യമുണ്ടായാല്‍ തന്നെ, അത് ഇടതുപക്ഷത്തെ ഒരിക്കലും ബാധിക്കുകയില്ല. ഒന്നും ഒന്നും രണ്ടല്ല പൊളിറ്റിക്‌സില്‍, അത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങളുടെ ശക്തിയെന്നു പറയുന്നത്, രണ്ടു പേരെ കൂട്ടുപിടിച്ചാല്‍ രണ്ടാവുമെന്നുള്ളതല്ല. അങ്ങനെയായിരുന്നെങ്കില്‍, എല്‍ഡിഎഫ് ഒരിക്കലും ജയിക്കില്ലായിരുന്നു. ജനപിന്തുണയെന്നാല്‍ അതിന്റെയൊക്കെ അപ്പുറത്തെ തലത്തിലുള്ളതാണ്. അതാണ് സോഷ്യല്‍ എഞ്ചിനിയറിംഗ് എന്നു പറയുന്നത്. ആ സോഷ്യല്‍ എഞ്ചിനിയറിംഗ് പോയിട്ട് സോഷ്യല്‍ എഞ്ചിനിയറിംഗിനെകുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് ഇന്നു വലതുപക്ഷത്ത് ഉള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ, ഏത് സഖ്യമുണ്ടാക്കിയാലും പ്രതിപക്ഷം വിജയിക്കാന്‍ പോകുന്നില്ല.

സഭയ്ക്കകത്ത് ഒട്ടേറെ പുതുമകളും നവ ചിന്തകളും കൊണ്ടുവരാന്‍ തങ്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ച് ഏത് രീതിയിലാണ്?

അതിന്റെ എല്ലാം തുടര്‍ച്ച നല്ല നിലയില്‍ തന്നെ പുതിയ സ്പീക്കര്‍ കൊണ്ടുപോകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഡിജിറ്റലൈസേഷന്റെ കാര്യത്തിലും അതുണ്ടാകും. പാര്‍ലമെന്ററി സ്റ്റഡീസിന് ഒരു സ്‌കൂളുണ്ട്. അതിനെ സ്‌കൂള്‍ ഫോര്‍ പബ്ലിക് പോളിസി ആക്കണമെന്ന് നമ്മള്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയുള്ള… ഇംപാക്ടല്‍ സ്റ്റഡിയായാലും പ്രസിദ്ധീകരിക്കപ്പെട്ട കീഴ് വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും കേരള മാതൃകയുടെ പേരിലായാലും നമ്മുടെ സദ്ഉദ്യമങ്ങളെ നല്ല നിലയില്‍ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി അദ്ദേഹം ആ നിലയ്ക്ക് തന്നെ മുന്‍കൈയ്യും എടുക്കുന്നുണ്ട്. അതുകൊണ്ട്, തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡാനന്തര ലോകത്ത്… പുതിയ ലോകമാണ് സംജാതമായിരിക്കുന്നത്. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത് ?

മുന്‍പ് പറഞ്ഞതുപോലെ ഓരോ സമൂഹത്തിലും വ്യത്യസ്തമാണ് ആ മാറ്റം. യുഎഇയില്‍ ജോലിചെയ്യുന്ന, ചരക്ക് നീക്കുന്ന ആളുകളുടെ കമ്പനി പറയുന്നത്… ആളുകളുടെ യാത്രാ എണ്ണം കുറഞ്ഞെങ്കിലും ചരക്ക് നീക്കം വര്‍ധിച്ചുവെന്നാണ്. അതൊരു പുതിയ സംഗതിയാണ്. ടെക്‌നോളജി അത്ഭുതകരമായ നിലയില്‍ ജനകീയവത്ക്കരിക്കപ്പെട്ടു. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു… സൂം മീറ്റിംഗുകള്‍ ആരംഭിച്ചു. യാത്രയുടെ ചിലവ് കുറഞ്ഞു. വര്‍ക്ക് അറ്റ് ഹോം പുതിയ സംഗതി വന്നു. അങ്ങനെ പുതിയ ലോകം വന്നു. ഇതൊക്കെ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഉപയോഗപ്പെടുത്തിയിരുന്നില്ല. സിപിഎമ്മിന്റെ ജനറല്‍ ബോഡി യോഗം, ഒരു സ്ഥലത്ത് നിന്ന് പിബി അംഗങ്ങള്‍ സംസാരിക്കുന്നു… ജനറല്‍ ബോഡി അത് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ ഉള്ള സ്ഥലത്തേക്ക് എത്തിക്കുന്നു. അങ്ങനെയുള്ള പുതിയ കാലത്ത് അവരവരുടേതായ പുതിയമാറ്റങ്ങളുടെ ലോകമാണ് വരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വിസ്‌ഫോടനാത്മകമായ അവസരങ്ങളുടെ ലോകം വരിക തന്നെ ചെയ്യും. കാരണം, ഏറ്റവും കൂടുതല്‍ സര്‍വ്വീസ് സെക്ടറില്‍ തൊഴിലവസരങ്ങള്‍ ഉള്ള സ്ഥലമാണ് കേരളം. ഡിജിറ്റല്‍ ഡിവൈഡുകൂടി ഇല്ലാതായാല്‍, പുതിയ പുതിയ സര്‍വീസുകള്‍ വരും. സേവനമേഖലയിലൂടെയുള്ള തൊഴിലവസരങ്ങളുടെ ലോകം കേരളത്തിന് തുറന്നു കിട്ടിയെന്നുള്ളതാണ് ഈ കാലത്തെ കേരളത്തിന്റെ പ്രധാന നേട്ടം.

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണന്‍

Top