ആഡംബര കപ്പലിലെ ലഹരി കേസ്; ആര്യന്‍ ഖാന്റെ ജയില്‍മോചനം ഇന്നുണ്ടാകും

മുംബൈ: ആഡംബരകപ്പലിലെ ലഹരിക്കേസില്‍ പിടിയിലായ ആര്യന്‍ഖാന്‍ ഇന്ന് ജയില്‍ മോചിതനായേക്കും. ജാമ്യനടപടികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മൂണ്‍ മൂണ്‍ ധമേച്ച എന്നിവര്‍ക്ക് ഇന്നലെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിചാരണ കോടതിയില്‍ നിന്ന് ജാമ്യ ഉത്തരവ് ആര്‍ദര്‍ റോഡ് ജയിലില്‍ എത്താന്‍ വൈകിയതാണ് പുറത്തിറങ്ങല്‍ ഇന്നത്തേയ്ക്ക് മാറ്റാന്‍ കാരണം.

ആര്യന് വേണ്ടി ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജില്ലാ സൂപ്രണ്ടും നിലപാട് എടുത്തു. ആര്യനെ സ്വീകരിക്കാന്‍ പിതാവ് ഷാരൂഖ് ഖാനും ജയിലിലെത്തിയിരുന്നു. നടി ജൂഹി ചൗളയുടെ ആള്‍ ജാമ്യത്തിലും ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെച്ചതിന് ശേഷവുമാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും 11 മണി മുതല്‍ 2 മണി വരെയുള്ള സമയത്ത് എന്‍.സി.ബി ഓഫീസില്‍ ഹാജരാവണം പ്രതികള്‍ ജാമ്യ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിക്ക് കോടതിയെ സമീപിക്കാമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.

തെളിവ് നശിപ്പിക്കാനും രാജ്യം വിടാനും പാടില്ല, മൂന്ന് പേരും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. ആഡംബരക്കപ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഫാഷന്‍ ടിവി തലവന്‍ കാഷിഫ് ഖാനെ ഇന്ന് എന്‍.സി.ബി ചോദ്യം ചെയ്യും.

Top