മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഉച്ചയോടെ മുംബൈയിലെ എന്‍ഡിപിഎസ് സെഷന്‍സ് കോടതിയാണ് വിധി പറയുക.
ആര്യന്‍ ഖാനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് രണ്ട് ദിനം നീണ്ടു നിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബിയും വാദിച്ചു.
ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജയിലില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പറഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.