സമീര്‍ വാങ്കഡെയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചില്ല, കൈക്കൂലി വിവാദം പൊള്ളയെന്ന് ആര്യന്‍

മുംബൈ: മയക്കുമരുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല.

മാത്രമല്ല, പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യന്‍ ഖാന്‍ നിഷേധിച്ചു. ജാമ്യാപേക്ഷ പരിഗിണിക്കുന്നതിനു മുമ്പായി ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകര്‍ സെയ്ല്‍ ആരോപിച്ചിരുന്നു. കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതില്‍, തനിക്കെതിരെ നിയമനടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണര്‍ക്ക് സമീര്‍ വാങ്കഡ കത്തും നല്‍കിയിരുന്നു.

അതേസമയം, ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ സമീര്‍ വാങ്കഡെയെ എന്‍സിബി വിജിലന്‍സ് സംഘം നാളെ ചോദ്യം ചെയ്യും. സംഭവത്തില്‍ സമീര്‍ വാങ്കഡയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇതിനിടെ കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളി. ഇത് വാങ്കഡയ്ക്ക് തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

Top