തിരുവനന്തപുരം: ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ മാറി കുത്തിവച്ചതായി പരാതി. പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പിന് വന്ന രണ്ട് കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. പ്രതിരോധ കുത്തിവയ്പ്പിന് പകരം കൊവിഡ് വാക്‌സിനാണ് കുത്തിവച്ചത്. കുട്ടികള്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടികള്‍ വാക്‌സിനേഷന്‍ സ്ഥലം മാറിയെത്തി വാക്‌സിനെടുത്തെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഒ പി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ മറുപടി പറയണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഡി എംഒ വ്യക്തമാക്കി.