ന്യൂഡല്‍ഹി: ജീവനക്കാരനെ ചെരിപ്പൂരി അടിച്ചക്കേസില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
അതിനുപുറമെ, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്പനി നല്‍കിയിട്ടുണ്ട്.
അതേസമയം, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഗെയ്ക്ക്‌വാദിനെപ്പോലുള്ളവരെ വിമാനയാത്രകളില്‍നിന്നു വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇത്തരക്കാര്‍ ടിക്കറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ വിമാന കമ്പനിക്കു വിവരം ലഭിക്കും.
എയര്‍ ഇന്ത്യ ജീവനക്കാരനെ 25 തവണ താന്‍ അടിച്ചുവെന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ ഗെയ്ക്ക്‌വാദ് വെളിപ്പെടുത്തിയിരുന്നു. മര്‍ദനമേറ്റ ഉദ്യോഗസ്ഥന്‍ സുകുമാര്‍ (60) പൊലീസില്‍ പരാതി നല്‍കി. എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മര്‍ദിക്കുകയും കണ്ണട തകര്‍ക്കുകയും ചെയ്തുവെന്ന് സുകുമാര്‍ പറഞ്ഞു.
‘ഞാന്‍ ബിജെപിക്കാരനല്ല, ശിവസേനയുടെ എംപിയാണ്. ഒരു തരത്തിലുള്ള അപമാനവും ഞാന്‍ സഹിക്കില്ല. ജീവനക്കാരന്‍ പരാതിപ്പെടട്ടെ. ഞാന്‍ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കും’ ഗെയ്ക്ക്‌വാദ് പറഞ്ഞു. ‘നമ്മുടെ എംപിമാരുടെ പെരുമാറ്റം ഈ വിധമാണെങ്കില്‍ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ’സുകുമാര്‍ പറഞ്ഞു.
വിമാനത്തില്‍ ബിസിനസ് ക്ലാസില്ലായിരുന്നു. ഇക്കാര്യം എംപിയെ നേരത്തേ അറിയിച്ചതാണ്. ബിസിനസ് ക്ലാസുള്ള പിന്നാലെ പുറപ്പെടുന്ന രണ്ടു വിമാനങ്ങളിലൊന്നില്‍ സീറ്റ് നല്‍കാമെന്നു പറയുകയും ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. എംപിയുടെ പെരുമാറ്റം തെറ്റായിപ്പോയെന്നു സിവില്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ശിവസേനയും എംപിയുടെ പെരുമാറ്റത്തെ അപലപിച്ചു. ഗെയ്ക്ക്‌വാദിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാര്‍ട്ടി വക്താവ് പറഞ്ഞു.
2014ല്‍ ഡല്‍ഹി മഹാരാഷ്ട്ര സദനില്‍ ഭക്ഷണം മോശമായതിന്റെ പേരില്‍ അതു വിതരണം ചെയ്തയാളുടെ വായില്‍ ഗെയ്ക്ക്‌വാദ് ചപ്പാത്തി തിരുകിയതു വിവാദമായിരുന്നു. റമസാന്‍ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടായിരുന്നു എംപിയുടെ പരാക്രമം.
പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സ് സെക്യൂരിറ്റി കമ്മിറ്റിയില്‍ 2015 മുതല്‍ അംഗമായ എംപിക്കെതിരെ ഏതാനും ക്രിമിനല്‍ കേസുകളുമുണ്ട്.