ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു ജമ്മു കശ്മീരിന്റെ വികസനത്തിനു പ്രധാന തടസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരില്‍ 32,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതു വര്‍ഷത്തെ ജമ്മു കശ്മീര്‍ ജനതയുടെ സ്വപ്നങ്ങള്‍ വരുംവര്‍ഷങ്ങളില്‍ മോദിയിലൂടെ നിറവേറ്റപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ബോംബുകള്‍, തട്ടിക്കൊണ്ടുപോകല്‍, വിഭജനം തുടങ്ങിയ വാര്‍ത്തകള്‍ മാത്രമാണ് ഒരുകാലത്തു ജമ്മു കശ്മീരില്‍നിന്നു കേട്ടിരുന്നത്. എന്നാല്‍ ജമ്മു കശ്മീര്‍ ഇന്നു വികസനത്തിന്റെ പാതയിലാണെന്നും മോദി വ്യക്തമാക്കി.
”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370 സീറ്റുകളും എന്‍ഡിഎയ്ക്ക് 400 സീറ്റുകളും നേടാന്‍ സഹായിക്കണമെന്നു ഞാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചുള്ള ഒരു സിനിമ ഈ ആഴ്ച റിലീസ് ചെയ്യാന്‍ പോകുന്നുവെന്നു ഞാന്‍ കേട്ടു. ശരിയായ വിവരങ്ങള്‍ ലഭിക്കാന്‍ ആളുകളെ സഹായിക്കുന്നതിനാല്‍ അതൊരു നല്ല കാര്യമാണ്. എനിക്കു നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്. വികസിത് ഭാരത്, വികസിത് ജമ്മു എന്ന സ്വപ്നത്തിലേക്കു നമുക്ക് ഒരുമിച്ചു നീങ്ങാം”- പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ രണ്ടാമത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇന്നത്തേത്. ഇതിനുമുന്‍പ് 2022 ഏപ്രിലിലായിരുന്നു സന്ദര്‍ശനം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാന്‍ ഉതകുന്ന പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ജമ്മുവില്‍ എത്തുകയാണെന്നു പ്രധാനമന്ത്രി ഇന്നലെ എക്‌സില്‍ കുറിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി മോദി സംവദിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, റെയില്‍, പെട്രോളിയം ഉള്‍പ്പെടെയുള്ള മേഖലകളിലെ വിവിധ പദ്ധതികള്‍ക്കാണ് അദ്ദേഹം ഇന്നു തറക്കല്ലിട്ടത്. 1,500 പേര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കി കൊണ്ടുള്ള ഉത്തരവും കൈമാറി.