ബജറ്റ് സമ്മേളനത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘2020ലെ ആദ്യത്തെ സമ്മേളനമാണ്. ഈ ദശകത്തിലെ ആദ്യ പാര്‍ലമെന്റ് സമ്മേളനവും. ഈ ദശകത്തില്‍ മികച്ച ഭാവി ഉറപ്പാക്കാനായി നമ്മള്‍ എല്ലാവരും ശ്രമിക്കണം. ശക്തമായ അടിത്തറയും നല്‍കണം. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മേളനമാണിത്. ഈ വിഷയത്തില്‍ ഇരുസഭകളിലും ഗുണകരമായ ചര്‍ച്ചകള്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്’, പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
സ്ത്രീകളുടെയും, താഴേക്കിടയില്‍ ഉള്ളവരുടെയും ഉന്നമനത്തിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ഈ ദശകത്തിലും ഇത് തുടരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അഭിസംബോധനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഫെബ്രുവരി 11ന് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 3 വരെ നീളും.
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ നയിക്കുന്നതിനിടെയാണ് ബജറ്റ് സമ്മേളനം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി യോഗത്തില്‍ എന്‍ഡിഎ ഘടകക്ഷികള്‍ പോലും ഇടഞ്ഞുനിന്നത് ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപിക്ക് തലവേദനാകും.